പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: പ്രതിദിന വരുമാനം എട്ട് കോടിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി കെഎസ് ആർടിസി.എല്ലാ യൂണിറ്റുകൾക്കും ഇതിന്റെ ഭാഗമായി ടാർഗറ്റ് നിശ്ചയിച്ച് നല്കിയിട്ടുണ്ട്.
പ്രതിദിനം 4561 സർവീസുകൾ നടത്താനും 17103 75 കിലോമീറ്റർ ദൂരം ബസ് സർവീസ് നടത്താനും വരുമാനം 82098000 രൂപയായി വർധിപ്പിക്കാനുമാണ് ലക്ഷ്യം. കിലോമീറ്ററിന് 48 രൂപ വരുമാനമുണ്ടാക്കണം.
ഇതിന്റെ ഭാഗമായി ഏറ്റവും ഉയർന്ന തുക ടാർഗറ്റായി നൽകിയിരിക്കുന്നത് തിരുവനന്തപുരം സിറ്റി ഡിപ്പോയ്ക്കാണ്. 3132000 രൂപ. 174 സർവീസുകൾ 69250 കിലോമീറ്റർ ഓടിച്ച് ഈ തുക നേടണം.
കോഴിക്കോട് തിരുവനന്തപുരം സെൻട്രൽ ഡിപ്പോകളുടെ ടാർജറ്റ് 2142000 രൂപയാണ്. ഈ ഡിപ്പോകളിൽ നിന്നും 119 സർവീസുകൾ വീതം 44625കിലോമീറ്ററുകൾ വീതം ഓടിക്കണം.
ബത്തേരി ഡിപ്പോയിൽ നിന്നും 89 സർവീസുകൾ 33375 കിലോമീറ്റർ ഓടിച്ച് 160 2000 രൂപ നേടണം. കാസർഗോഡ്, ആലപ്പുഴ തുടങ്ങിയ ഡിപ്പോകളാണ് തൊട്ടുപിന്നിൽ.
നിലവിൽ 6.50 മുതൽ 7 ലക്ഷം വരെയാണ് പ്രതിദിന വരുമാനം. 3800 സർവീസുകളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. ഒരു കിലോമീറ്ററിന്റെ വരുമാനം 40 രൂപയിൽ താഴെയുമാണ്.
യാത്രക്കാരുടെ എണ്ണം വർധിച്ചു വരുന്നതായും യാത്രാസൗകര്യം അപര്യാപ്തമാണെന്നുമാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. സാമ്പത്തിക വരുമാനം വർധിപ്പിച്ച് എട്ട് കോടി എന്ന പ്രതിദിനലക്ഷ്യത്തിലെത്തണം.
മതിയായ ബസുകൾ ഇല്ലാത്ത യൂണിറ്റുകൾക്ക് ആവശ്യത്തിന് ബസ് അനുവദിച്ചു നല്കും. ജനോപകാരപ്രദമായ രീതിയിൽ യൂണിറ്റ് തലത്തിൽ ആലോചിച്ച് സർവീസ് നടത്താനും അനുമതിയുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി സർവീസുകൾ ആരംഭിക്കണം.
രാവിലെയും വൈകുന്നേരവും പീക്ക് സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തുകയാണ് പദ്ധതി. യാത്രക്കാരുടെ ആവശ്യമനുസരിച്ച് സിംഗിൾ ഡ്യൂട്ടി സർവീസുകൾ ക്രമീകരിക്കാനും യൂണിറ്റുകൾക്ക് നിർദേശം ഉണ്ട്. ജീവനക്കാർക്കും പ്രത്യേകം ആനുകൂല്യം നല്കും.
രാവിലെയും വൈകുന്നേരവുമുള്ള തിരക്ക് സമയങ്ങളിൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് (സിംഗിൾ ഡ്യൂട്ടി ) ഇതിനിടയിലുള്ള ഇടവേള സമയത്തിന് ഒരു മണിക്കൂറിന് 75 രൂപവീതം പ്രത്യേക ആനുകൂല്യം ലഭിക്കും.
എട്ട് മണിക്കൂറിൽ അധികം ജോലി ചെയ്യേണ്ടി വന്നാൽ, ഓരോ മണിക്കൂറിനും നിലവിലുള്ള ഡ്യൂട്ടി സറണ്ടർ തുകയ്ക് ആനുപാതികമായി അധിക തുകയും ലഭിക്കും. ഒരു ദിവസം വീക്ക് ലി ഓഫും അനുവദിക്കും.