ചെങ്ങന്നൂർ: പിക്കപ്പ് വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശികളായ നാലുപേർ മരിച്ചു. ആലപ്പുഴ സീവ്യൂ വാർഡ് പുതുവൽ പുരയിടത്തിൽ സജീവ്(39), സഹോദരൻ ബാബു(40), പള്ളിപ്പുരയിടത്തിൽ ബാബു (44), വലിയകുളം വെള്ളച്ചിപ്പുരയിടത്തിൽ ആസാദ് (45) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.15ന ്മ ുളക്കുഴ കെഎസ്ഇബി ജംഗ്ഷനിലെ വളവിലായിരുന്നു അപകടം.
പന്തളം ഭാഗത്തുനിന്ന് വന്ന പിക്കപ്പ് വാനും ചെങ്ങന്നൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. വാഹനം പൊളിക്കൽ ഉൾപ്പടെയുള്ള ജോലിചെയ്തു വന്നിരുന്ന മരിച്ച നാലംഗസംഘം കരുനാഗപ്പള്ളിയിലെ ജോലിക്കു ശേഷം ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ു. വാഹനത്തിൽ മരിച്ചവരെ കൂടാതെ രണ്ട് ബംഗാൾ സ്വദേശികളും ഉണ്ടായിരുന്നു.
സാരമായി പരിക്കേറ്റ ഇവർ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു. പിക്കപ്പവാൻ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മൂന്നു പേരുടെ മൃതദേഹം മുളക്കുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലും ഒരാളുടെ മൃതദേഹം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ കെഎസ്ആർടിസി യാത്രക്കാർക്കും നിസാരപരിക്കുകളേറ്റിട്ടുണ്ട്.
സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും വിയോഗത്തിൽ വിറങ്ങലിച്ചു നാട്
ആലപ്പുഴ: രാവിലെ 6.20ന് സീവ്യു വാർഡിലെ വീട്ടിലേക്കെത്തിയ ഫോണ് സന്ദേശം ഒരു നാടിനെ ഒന്നാകെ നടുക്കുന്നതായിരുന്നു. ചെങ്ങന്നൂർ മുളക്കുഴയിലുണ്ടായ വാഹനാപകടത്തിൽ പ്രദേശവാസികളായ നാലുപേർ മരിച്ചെന്നായിരുന്നു സന്ദേശം. കനത്ത മഴയായിരുന്നെങ്കിലും അപകടവാർത്ത പെട്ടെന്ന് നാടാകെ പരന്നു.
സഹോദരങ്ങളായ സീവ്യു വാർഡ് പുതുവൽ പുരയിടത്തിൽ സജീവ്(39), സഹോദരൻ ബാബു(40), പള്ളിപ്പുരയിടത്തിൽ ബാബു(44), വെള്ളച്ചിപ്പുരയിടത്തിൽ ആസാദ്(45), എന്നിവരാണ് മരിച്ചത്. ഇതിൽ ആസാദ് ഒഴികെയുള്ളവർ സീവ്യു വാർഡ് സ്വദേശികളാണ്.
ആസാദ് നേരത്തെ സീവ്യു വാർഡിലെ താമസക്കാരനായിരുന്നെങ്കിലും നിലവിൽ വലിയകുളം വാർഡിലാണ് താമസിക്കുന്നത്. ജോലി സംബന്ധമായ കാര്യങ്ങൾക്കായി സീവ്യുവാർഡിലെ സുഹൃത്തുക്കൾക്കൊപ്പമാണ് പോയിരുന്നത്.
ഖലാസി ജോലികൾ ചെയ്തിരുന്ന ഇവർ ഇതില്ലാത്ത സമയങ്ങളിൽ പുറംജോലികളും നോക്കിവരുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ സീവ്യു വാർഡിൽ നിന്നും ജോലിക്കായി പോയ ഇവരുടെ മരണവാർത്ത ഇന്നു പുലർച്ചെ അറിഞ്ഞെങ്കിലും ഇത് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.