കൊച്ചി: എംപാനൽ ജീവനക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ നയമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കും. എന്നാൽ നിയമ നടപടി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധികൾ കോടതിയെ അറിയിക്കും. ഇപ്പോഴുള്ളത് താത്കാലിക പിൻമാറ്റം മാത്രമാണെന്നും ടോമിൻ തച്ചങ്കരി കൂട്ടിച്ചേർത്തു.
താത്കാലിക ജീവനക്കാരുടെ പിരിച്ചു വിടൽ ഉടൻ നടപ്പാക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഒരു താത്കാലിക ജീവനക്കാരൻ പോലും ജോലിയിൽ ഇല്ലെന്ന് കെഎസ്ആർടിസി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ തലപ്പത്തിരിക്കുന്നവരെ മാറ്റാൻ അറിയാമെന്നും ഹൈക്കോടതി ഓർമപ്പെടുത്തി. പരീക്ഷ എഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണ് കെഎസ്ആർടിസി നടത്തുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.