തിരുവല്ല: സാധാരണ ജനത്തെ കുരുതികൊടുത്തുള്ള തിരുവല്ല കെഎസ്ആര്‍ടിസി ടെര്‍മിനലിനു മുമ്പിലെ ബസോട്ടത്തിനു ഇനിയും ബ്രേക്കായില്ല. ഇന്നലെയുണ്ടായ അപകടത്തില്‍ തലനാരിഴയ്ക്കാണ ്ബൈക്ക് യാത്രക്കാരന്റെ ജീവന് രക്ഷിക്കാനായത്. ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടമാണ് ഇന്നലെ ഉണ്ടായത്. ഉച്ചകഴിഞ്ഞു 3.30ഓടെ നടന്ന അപകടത്തില്‍ പായിപ്പാട് കളപ്പുരക്കല്‍ സുനോജാ (38)ണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോയ കോട്ടയം ഡിപ്പോയിലെ ആര്‍എസ്കെ 165-ാം നമ്പര്‍ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തിനിടയാക്കിയത്.
ബൈക്ക് യാത്രികന് ടെര്‍മിനലിന്റെ പ്രവേശന കവാടത്തിന് മുന്നിലേക്ക് എത്തിയപ്പോള്‍ പിന്നാലെ എത്തിയ ബസിന്റെ പിന്‍ചക്രത്തിനിടയില്‍ പെടുകയായിരുന്നു. ഈ സമയം ചക്രത്തിനിടയില്‍ നിന്ന് അത്ഭുതകരമായി ബൈക്കു യാത്രികന് മറുവശത്തേക്ക് കുതറിമാറി. പിന് ചക്രങ്ങള്‍ കയറി ഇറങ്ങിയ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ സുനോജിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് മാസത്തിനിടെ് ആറാമത്തെ അപകടമാണ് ഇതേ സ്ഥലത്തുണ്ടായത്. ഒരുമരണം അടക്കം ഉണ്ടായിട്ടും എന്തെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.കഴിഞ്ഞ 15ന് സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ച ചുങ്കപ്പാറകെഎസ്ആര്ടിസി ബസിന് അടിയിലേക്കാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയും കുട്ടിയുംപെട്ടത്.
എന്നാല്‍ ഡ്രൈവറിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഇരുവരും വാഹനം കയറാതെ രക്ഷപ്പെട്ടു. സെപ്റ്റബര്‍ 26ന് സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന കാല്നടയാത്രികന് ലോഫ്ളോര്‍ ബസ് തട്ടി മരിച്ചതിന് പിന്നാലെ മൂന്ന് അപകടങ്ങള്‍ പ്രദേശത്തുണ്ടായി. ഓഗസ്റ്റ് രണ്ടിന് യാത്രക്കാരിയുടെ കാലില്‍ ബസ് കയറി ഗുരുതരമായി പരിക്കേറ്റു. ഇപ്പോള്‍ അപകടമുണ്ടായ ഭാഗത്തുവച്ച് കഴിഞ്ഞ വര്‍ഷം കാല്നടയാത്രികന് ബസിടിച്ച് മരിച്ചിരുന്നു.