ചാത്തന്നൂർ: യാത്രക്കാരൻ സ്ഥലപ്പേര് പറഞ്ഞാൽ അത് കേട്ട് ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന മെഷീനുകൾ കെഎസ്ആർടിസിക്ക് എത്തിത്തുടങ്ങി. മെഷീന് മൊബെെൽഫോൺ വലിപ്പം മാത്രമേയുള്ളുവെന്നത് കണ്ടക്ടർമാർക്കും സൗകര്യപ്രദമാണ്. കെ എസ് ആർ ടി സി നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ സംവിധാനവും. കൂടാതെ യാത്രക്കാർക്ക് ഏത് കാർഡും ഉപയോഗിക്കാനും കഴിയും.
ജനുവരി 15 മുതൽ സംസ്ഥാനത്തെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ട്രാവൽ കാർഡ് സംവിധാനം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പുതിയ ടിക്കറ്റ് മെഷീനുകൾ കെഎസ്ആർടിസി ഡിപ്പോകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. പുതിയ ടിക്കറ്റ് മെഷീന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ടക്ടർമാർക്ക് പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് കെഎസ്ആർടിസി ബസുകളിൽ ഈ മെഷീൻ ഉപയോഗിച്ചു തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
പുതിയ ടിക്കറ്റ് മെഷീൻ പ്രവർത്തിക്കുന്നതോടെ ട്രാവൽ കാർഡ് സൗകര്യം മാത്രമല്ല ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സൗകര്യവും കൂടാതെ യുപിഐ പെയ്മെന്റ് സംവിധാനവും കെഎസ്ആർടിസി ബസുകളിൽ എത്തും. നിലവിലെ ടിക്കറ്റ് മെഷീൻ മാറ്റി പുതിയ ടിക്കറ്റ് മെഷീനുകൾ കണ്ടക്ടർമാർക്ക് വിതരണം ചെയ്യുന്ന നടപടിക്രമങ്ങൾ ഈ ആഴ്ചയോടെ ആരംഭിക്കും.
പതിനഞ്ചാം തീയതിയോടെ ടിക്കറ്റ് മെഷീനുകളുടെ വിതരണം പൂർത്തിയാക്കി കെഎസ്ആർടിസി സർവീസുകളിൽ പുതിയ ടിക്കറ്റ് സംവിധാനം നടപ്പിൽ വരുമെന്നാണ് കെഎസ്ആർടിസി അധികൃതർ സൂചന നൽകുന്നത്. സാധാരണ ഒരു മൊബൈൽ ഫോണിന്റെ വലിപ്പം മാത്രമുള്ള മെഷീനുകളാണ് ഇത്തവണ കണ്ടക്ടർമാർക്ക് വിതരണം ചെയ്യുന്നത്.
അതിന്റെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് നടന്നുകൊണ്ടിരിക്കുകയാണ്. ആ പ്രവൃത്തി പൂർത്തിയായാൽ ഉടൻതന്നെ ടിക്കറ്റ് മെഷീനുകൾ കണ്ടക്ടർമാർക്ക് വിതരണം നടത്തും. കയ്യിൽ പണം കൊണ്ടു നടക്കാതെ തന്നെ ബസുകളിൽ കയറാൻ കഴിയുമെന്നുള്ളതാണ് പ്രത്യേകത. മാത്രമല്ല പുതിയ ടിക്കറ്റ് മെഷീനുകളിൽ പോകേണ്ട സ്ഥലത്തിന്റെ കോഡ് അടിക്കുന്നതിനു പകരം സ്ഥലത്തിന്റെ പേര് പറഞ്ഞു കൊടുത്താൽ മതിയാകും. ഇത്തരത്തിൽ നിരവധി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് കെഎസ്ആർടിസി ബസുകളിൽ പുതിയ ടിക്കറ്റ് സംവിധാനം എത്തുന്നത്.
പ്രദീപ് ചാത്തന്നൂർ