പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ പെയ്ഡ് ശൗചാലയനിരക്ക് ഇരട്ടിയിലധികമായി വർധിപ്പിച്ചു. ഒക്ടോബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. പൊതു ജനങ്ങൾക്കും യാത്രക്കാർക്കും കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനും കൂടുതൽ ശുചിത്വത്തോടെയും കാര്യക്ഷമമായും പ്രവർത്തിപ്പിക്കുന്നതിനും എല്ലാ സ്റ്റേഷനുകളിലെയും നിരക്ക് ഏകീകരിക്കുന്നതിനുമാണ് നിരക്ക് വർധന എന്നാണ് വിശദീകരണം.
യൂറിനലിന് 5 രൂപയും ലാട്രിന്‍ 10 രൂപയും കുളിക്കുന്നതിന് 10 രൂപയും ക്ലോക്ക് റൂമിന് ഒരു ദിവസത്തേയ്ക്ക് 20 രൂപയുമാണ് പുതിയ നിരക്ക്.
നിലവിൽ യൂറിനലിന് 2 രൂപയും ലാട്രിന്‍ 3 രൂപയും കുളിക്കുന്നതിന് 5 രൂപയുമായിരുന്നു പല ബസ് സ്റ്റേഷനുകളിലെയും നിരക്ക്. ഇത് ഇരട്ടിയിലധികമായാണ് വർധിപ്പിക്കുന്നത്.
സമീപകാലത്തായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സ്പോൺസർഷിപ്പിലൂടെ ബസ്സ്റ്റേഷനുകളിൽ ആധുനിക സൗകര്യങ്ങളോടെ ശൗചാലയം നിർമിക്കാൻ കെഎസ്ആർടിസി പദ്ധതിയും ശൗചാലയത്തിന്റെ പ്ലാനും തയാറാക്കിയിരുന്നു.
ഇതിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്.ശൗചാലയങ്ങളുടെ നിലവിലുള്ള ലൈസൻസികൾ സത്യവാങ്മൂലം നല്കിയ ശേഷം പുതിയ നിരക്ക് ഈടാക്കണം. പുതിയ ലൈസൻസികൾ പുതിയ നിരക്കിൽ പ്രവർത്തനം ആരംഭിക്കണം.
ശൗചാലയങ്ങൾ വൃത്തിയായും പരാതികൾക്കിടയില്ലാത്ത വിധവും പ്രവർത്തിക്കുന്നുവെന്ന് യൂണിറ്റ് മേധാവികൾ പരിശോധന നടത്തി ഉറപ്പാക്കണം. ശൗചാലയത്തിൽ പരാതി പുസ്തകം സൂക്ഷിക്കണമെന്നും എസ്റ്റേറ്റ് ഓഫീസർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.