കോട്ടയം: കാതടപ്പിക്കുന്ന ഹോണില്ല, കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റില്ല എങ്കിലും കെഎസ്ആർടിസിയിലും അടിപൊളി ട്രിപ്പ് പോകാം, ആസ്വദിക്കാം.
പഠന വിനോദയാത്ര കെഎസ്ആർടിസി ബസിൽ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പാലാ പൈക വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ.
വടക്കഞ്ചേരി അപകടത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ വാഹന പരിശോധനകൾ കർക്കശമാക്കിയപ്പോൾ നേരത്തേ ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് യാത്രയിൽ നിന്നും പിന്മാറിയതോടെയാണ് സ്കൂൾ അധികൃതർ പാലായിലെ കഐസ്ആർടിസി അധികൃതരെ സമീപിച്ചത്.
സ്കൂൾ അധികൃതരെ നിരാശരാക്കാതെ കഐസ്ആർടിസി അധികൃതർ തങ്ങളുടെ ഡിപ്പോയിലെ ഏറ്റവും നല്ല ബസ് വിനോദയാത്രയ്ക്കായി അനുവദിച്ചു.
കഴിഞ്ഞ ദിവസം സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന 30 കുട്ടികളും അഞ്ച് അധ്യാപകരും വാഗമണിനാണ് വിനോദയാത്ര പോയത്.
ബസിലെ ഹൃദ്യമായ സംഗീതം ആസ്വദിച്ച വിദ്യാർഥികൾ പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്തു. രാവിലെ 6.30നു പോയ സംഘം വൈകുന്നേരം ആറോടെ സ്കൂളിൽ തിരിച്ചെത്തി. ജിഎസ്ടി ഉൾപ്പെടെ 12000 രൂപയായിരുന്നു ചാർജ്.
പാലാ ഡിപ്പോയിൽനിന്ന് അന്പായത്തോടിനു സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് വിനോദയാത്രയ്ക്കായി അനുവദിച്ചത്.
വിനോദയാത്രകൾ കെഎസ്ആർടിസി ബസുകളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി പ്രത്യേക പാക്കേജ് തുടങ്ങിയിട്ടുണ്ട്.
വിളക്കുമാടം സ്കൂളിന്റെ വിനോദ യാത്ര ഹിറ്റായതോടെ നിരവധി സ്കൂളുകൾ വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ അന്വേഷണം നടത്തുന്നുണ്ട്.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി സ്്കൂൾ, കോളജ് വിനോദയാത്രകളും ഉൾപ്പെടുത്താനാണു നീക്കം.