ചാത്തന്നൂർ: കെഎസ്ആർടിസിയുടെബജറ്റ് ടൂറിസം സെൽ അടവിയിലേയ്ക്ക് വിനോദയാത്രയും കുട്ടവഞ്ചി സവാരിയും സംഘടിപ്പിക്കും.അതോടൊപ്പം ഗവിയിലെ അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലാ കേന്ദ്രങ്ങളിൽ നിന്നുമാണ് സവാരി ഒരുക്കുന്നത്.
കേരളത്തിലെ കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് ആകർഷിക്കുന്ന കേന്ദ്രമാണ്.
അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് . കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്. അതുപോലെതന്നെ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ നൽകുന്ന യാത്രയാണ് ഗവിയും പരുന്തും പാറയും.
നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും കുളിർമയാണ്. പരുന്തുംപാറയുടെ മനോഹാരിതയും നുകർന്നുള്ള യാത്രയാണിത്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞതായി ബജറ്റ് ടൂറിസം സെൽ അറിയിച്ചു.
പ്രദീപ് ചാത്തന്നൂർ