കൊച്ചി: സ്ഥലംമാറ്റം നടപടികളെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നാലെ വിടുതല്‍ ഉത്തരവ് കൈപ്പറ്റാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ടത്തോടെ കോടതിയിലേക്ക്. അന്തിമ ലിസ്റ്റ് പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴും കരട് ലിസ്റ്റില്‍ നിന്നു കാര്യമായ മാറ്റമില്ലാതെ പുറത്തിറക്കിയ ലിസ്റ്റില്‍ വീണ്ടും അപാകതകളുണ്ടെന്നു ജീവനക്കാര്‍ പറയുന്നു.
കരട് ലിസ്റ്റ് പുറത്തുവന്നതിനു പിന്നാലെ പരാതിയുമായി സമീപിച്ച ഭൂരിഭാഗം പേരുടെ ആവശ്യങ്ങളും പരിഹരിക്കാതെയാണ് അന്തിമ ലിസ്റ്റും പുറത്തിറക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ ജീവനക്കാരുടെ വിടുതല്‍ ഉത്തരവും ഡിപ്പോകളിലെത്തിയിരുന്നു.
എന്നാല്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ ഇത് കൈപറ്റില്ലെന്ന നിലപാടിലാണിവര്‍. ഇതോടെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ജീവനക്കാരുടെ പ്രതിഷേധം കനത്തതോടെ വീഴ്ചകള്‍ സോഫ്റ്റ്വേർ സംവിധാനത്തിന്റെ സഹായത്തോടെ മൂന്നു മാസത്തിനുള്ളില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണു കെഎസ്ആര്‍ടിസിയുടെ പുതിയ ഉത്തരവ്. അപാകതകള്‍ പരിശോധിച്ച് അര്‍ഹരായവരെ മാതൃയൂണിറ്റില്‍ തുടരുന്നതിന് അവസരം ഒരുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സംസ്ഥാന തലത്തില്‍ 3,013 കണ്ടക്ടര്‍മാരെയും 1665 ഡ്രൈവര്‍മാരെയുമാണു സ്ഥലം മാറ്റിയിട്ടുള്ളത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്നതിന് പുറമേ മരിച്ചജീവനക്കാരും സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആക്ഷേപമുയര്‍ന്നിരുന്നു.