പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി യിലെ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സ്ഥലം മാറ്റിയ ഉത്തരവ് വിവാദമായതിന് പിന്നാലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർമാരെയും സ്ഥലം മാറ്റി കൊണ്ട് ഇന്നലെ ഉത്തരവുണ്ടായി.
ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരിയുടെ ഉത്തരവിൽ 74 അസിസ്റ്റന്റ്എഞ്ചിനീയർമാരെയാണ് മാറ്റി നിയമിച്ചിരിക്കുന്നത്.പൊതു സ്ഥലം മാറ്റത്തിന്റെയും ഡ്രൈവർ, കണ്ടക്ടർ അനുപാതം ക്രമീകരിക്കുന്നതിന്റെയും ഭാഗമായി കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സ്ഥലം മാറ്റിയിരുന്നു.
ഇത് വലിയ ആക്ഷേപങ്ങൾക്ക് പരാതികൾക്കും ഇടയാക്കുകയും ജീവനക്കാർ കോടതിയെ സമീപിക്കുകയും ചെയ്തി രുന്നു. മൂന്ന് മാസത്തിനകം പരാതികൾ പരിഹരിച്ച് സ്ഥലം മാറ്റം നടപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.അതേ തുടർന്ന് ഈ മാസം 4-ന് ഡ്രൈവർമാരെയും 9-ന് കണ്ടക്ടർമാരെയും സ്ഥലം മാറ്റി കൊണ്ട് പുതിയ ഉത്തരവിറക്കിയിരുന്നു.
ഈ ഉത്തരവ് ആദ്യ ഉത്തരവിനെക്കാൾ വലിയ ആക്ഷേപങ്ങൾക്കും പരാതികൾക്കും ഇടയാക്കി. 745 പരാതികളാണ് കോർപ്പറേഷന് കിട്ടിയത്. കോടതി ഉത്തരവിനെ തുടർന്ന് ഇറക്കിയ ഡ്രൈവർമാരുടെസ്ഥലം മാറ്റ പട്ടികയിൽ, ആദ്യലിസ്റ്റിലുണ്ടായിരുന്ന 5 പേരെ ഒഴിവാക്കി.
149 സ്ഥലം മാറ്റത്തിൽ ഭേദഗതി വരുത്തി. ക്രമീകരണത്തിന്റെ ഭാഗമായി 460 പേരെയും സർക്കിളുകളിലെ ക്രമീകരണത്തിന്റെ ഭാഗമായി 311 പേരെയുമാണ് സ്ഥലം മാറ്റിയാണ് പുതിയ ഉത്തരവിറക്കിയത്.ആദ്യസ്ഥലമാറ്റ ലിസ്റ്റിലുണ്ടായിരുന്ന കണ്ടക്ടർമാരിൽ 20 പേരെ ഒഴിവാക്കി.
288 പേരെ സ്ഥലം മാറ്റി. അംഗബലം ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി 355 പേരെയും സർക്കിളുകളിലെ ക്രമീകരണത്തിന്റെ ഭാഗമായി 321 പേരെയും സ്ഥലം മാറ്റി കൊണ്ടായിരുന്നു പുതിയ ഉത്തരവ്.
ഇതിനെതിരെ ആക്ഷേപങ്ങളും പരാതികളും ഉയർന്നതിനെ തുടർന്ന് ഈ ഉത്തരവ് മരവിപ്പിക്കുകയും ഇത് സ്ഥലമാറ്റ കരട് പട്ടികയായി മാറ്റുകയും ചെയ്തിരുന്നു.
ജീവനക്കാരുടെ പരാതികൾ പരിഹരിച്ച് മൂന്നാമതും സ്ഥലം മാറ്റ ഉത്തരവിറക്കാനുള്ള ശ്രമം നടത്തി വരുമ്പോഴാണ് മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർമാരെയും സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.