പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ സ്ഥലംമാറ്റ പട്ടിക പുറത്തിറങ്ങി. 2083 കണ്ടക്ടർമാർക്കും 3286ഡ്രൈവർമാർക്കുമാണ് സ്ഥലം മാറ്റം.
രണ്ട് വിഭാഗത്തിൽപ്പെടുത്തിയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കണ്ടക്ടർ വിഭാഗത്തിൽ അപേക്ഷകൾ പരിഗണിച്ച് 1148 പേരെയും അംഗസംഖ്യ ക്രമീകരിക്കുന്നതിന്റെ ഭാഗമായി 1655 പേരെയുമാണ് സ്ഥലം മാറ്റിയിട്ടുള്ളത്.
ഡ്രൈവർ വിഭാഗത്തിൽ അപേക്ഷകൾ പരിഗണിച്ച് 1322 പേരെയും അംഗസംഖ്യ ക്രമീകരിക്കുന്നതിന്റെ ഭാഗമായി 1964 പേരെയുമാണ് സ്ഥലം മാറ്റിയിട്ടുള്ളത്.
പൊതു സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷകൾ സ്വീകരിച്ച് കരട് പട്ടിക തയാറാക്കിയിരുന്നു. കരട് പട്ടികയ്ക്കെതിരേ ജീവനക്കാർ ആക്ഷേപം ഉന്നയിക്കുകയും പരാതികൾ നല്കുകയും ചെയ്തിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ പരാതികൾ പരിശോധിച്ച്, അപാകതകൾ പരിഗണിച്ച്, നിലവിലുള്ള മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിട്ടാണ് സ്ഥലം മാറ്റമെന്ന്, സ്ഥലംമാറ്റ ഉത്തരവിൽ സിഎംഡി വ്യക്തമാക്കുന്നു.
ജൂലൈ 10 ലെ ജീവനക്കാരുടെ സ്ഥിതിവിവര കണക്കുകൾ അടിസ്ഥാനമാക്കിയാണ് സ്ഥലംമാറ്റ പട്ടിക തയാറാക്കിയിട്ടുള്ളത്.
സസ്പെൻഷനിൽ കഴിയുന്നവർ, ദീർഘകാല അവധിയിലുള്ളവർ, അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവർ, ശൂന്യവേതന അവധിയിലുള്ളവർ, മരണപ്പെട്ടവർ തുടങ്ങിയവർ സ്ഥലംമാറ്റ പട്ടികയിൽപ്പെട്ടിട്ടുണ്ടാകാം.
ഇത്തരം ജീവനക്കാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ജില്ലാ ഓഫീസുകളിൽ പരിശോധന നടത്തി ചീഫ് ഓഫീസിൽ അറിയിക്കണം.
ലംമാറ്റ ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. സീനിയോറിറ്റി മറികടന്നാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. സജീവ രാഷ്ട്രീയമുള്ളവരെ ഒഴിവാക്കി.
സീനിയർ ജീവനക്കാരെ ഏറ്റവുമടുത്ത യൂണിറ്റിലും ജൂണിയർ ജീവനക്കാരെ ദൂരം കൂടിയ യൂണിറ്റിലും നിയമിക്കണമെന്ന വ്യവസ്ഥ ലംഘിച്ചു.
ജില്ലയ്ക്ക് അകത്തേക്കാണെങ്കിൽ ജൂണിയർ ജീവനക്കാരെയാണ് സ്ഥലം മാറ്റേണ്ടത്. ഇതെല്ലാം ലംഘിച്ചുകൊണ്ട്, ഒരു കറക്കി കുത്ത് പോലെയാണ് സ്ഥലം മാറ്റ പട്ടിക എന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റീസ് ആരോപിച്ചു.