ചാത്തന്നൂർ: കെ എസ് ആർ ടി സി യാത്രക്കാർക്കായി ട്രാവൽ കാർഡും ഗുഡ് ഡേ ടിക്കറ്റും ഇന്നു മുതൽ നടപ്പാക്കും. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതികളെന്ന് മാനേജ്മെന്റ്.തിരുവനന്തപുരം സിറ്റിയിൽ നടപ്പാക്കുന്ന സിറ്റി സർക്കുലർ ബസുകളും തിങ്കളാഴ്ച ഓടിതുടങ്ങും.
50 രൂപയുടെ ട്രാവൽ കാർഡ് ആദ്യമെടുക്കുന്നവർക്ക് 100 രുപയുടെ മൂല്യത്തിന് യാത്ര ചെയ്യാം എന്ന ഓഫറും ഉണ്ട്. ബസിൽ നിന്നോ ബസ് സ്റ്റേഷനുകളിൽ നിന്നോ ട്രാവൽ കാർഡ് ലഭിക്കും. 2000 രുപയ്ക്ക് വരെ റീചാർജ് ചെയ്യാം.
ബസിലോ ബസ് സ്റ്റേഷനിലോ റീചാർജ് ചെയ്യാം. ട്രാവൽ കാർഡ് എടുക്കുന്നയാളിന്റെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഇത് ഉപയോഗിക്കാമെന്ന ആനുകൂല്യവുമുണ്ട്. സിറ്റി സർക്കുലർ ബസുകളിലേയ്ക്കാണ് ഗുഡ് ഡേ ടിക്കറ്റ്.
ഒരു ഗുഡ് ഡേ ടിക്കറ്റെടുത്താൽ 24 മണിക്കൂർ യാത്ര ചെയ്യാം. സിറ്റി സർക്കുലർ ബസുകളുള്ള റൂട്ടുകളിൽ എവിടെയും യാത്ര ചെയ്യാം. പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന പ്രത്യേക നിറങ്ങളോടു കൂടിയതാണ് സിറ്റി സർക്കുലർ സർവീസ് ബസ്.
ഏഴ് റൂട്ടുകളിലാണ് സിറ്റി സർക്കുലറിന്റെ സർവീസുകൾ ഓടിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ 10, 15 മിനിട്ടുകൾ ഇടവിട്ട് ഓരോ റൂട്ടിലും സർവീസുകൾ നടത്തും.
സിറ്റി സർക്കുലറിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ട്രാവൽ കാർഡിന്റെ വില്പന മന്ത്രി വി.ശിവൻകുട്ടിയും ഗുഡ് ഡേ ടിക്കറ്റിന്റെ വിതരണം മന്ത്രി ജി.ആർ. അനിലും നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായിരിക്കും.