കായംകുളം: പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചു കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചതു സംഘർഷത്തിൽ കലാശിച്ചു.
ഇന്നലെ രാവിലെ കായംകുളത്താണ് സംഭവം. തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് പോലീസ് തടഞ്ഞത്. ഐജിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്നതാണു കാരണമായി പറഞ്ഞതെന്നാണ് അറിയുന്നത്.
പിഎസ്സി പരീക്ഷ എഴുതാൻ ഉള്ളവരും നിരവധി യാത്രക്കാരും ബസിലുണ്ടായിരുന്നു. ബസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ യാത്രക്കാർ ബഹളമുണ്ടാക്കി. യാത്രക്കാർ ഉടക്കിയതോടെ സംഭവം പന്തിയല്ലെന്നു കണ്ട പോലീസ് ഡ്രൈവറുടെ വിവരങ്ങൾ ശേഖരിച്ച ശേഷം പിൻവാങ്ങി. അതേസമയം, പോലീസിന്റെ നടപടി മൂലം ബസ് ഒരു മണിക്കൂറോളം വൈകി.