ചാത്തന്നൂർ: കെ എസ് ആർ ടി സി യിലെ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്രകൾ സൂപ്പർ ഹിറ്റാകുന്നു. 2021 നവംബറിൽ ആരംഭിച്ച പദ്ധതി മൂന്ന് വർഷമെത്തുമ്പോൾ 50 കോടിയിലേറെ വരുമാനം കെഎസ് ആർടിസിക്ക് നേടി കൊടുത്തു. തികച്ചും ആത്മവിശ്വാസം പകരുന്നതും വിജയകരവുമാണ് ബജറ്റ് ടൂറിസം എന്ന് അധികൃതർ പറയുന്നു.
കേരളത്തിലെ ഡിപ്പോകളിൽ നിന്നും വേളാങ്കണ്ണിയിലേക്ക് തീർത്ഥയാത്ര സംഘടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ഓരോ ഡിപ്പോകളിൽ നിന്നും വേളാങ്കണ്ണിയിലേയ്ക്കുള്ള റൂട്ടുകളിലെ പ്രധാന ദേവാലയങ്ങളും തീർത്ഥയാത്രാ പദ്ധതിയിൽ ഉൾപ്പെടുത്തും. സാധ്യത പഠനം പൂർത്തിയാക്കിയെന്നും വേളാങ്കണ്ണി തീർത്ഥയാത്ര ഉടൻ ആരംഭിക്കുമെന്നും ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ പറഞ്ഞു.
ബജറ്റ് ടൂറിസം സെൽ 100 ലേറെ പാക്കേജുകളാണ് ഇപ്പോൾ നടത്തിവരുന്നത്. ഇതിൽ വയനാട്, മൂന്നാർ , ഗവി ഉല്ലാസയാത്രകളാണ് ഏറ്റവും ഹിറ്റാകുന്നത്. ഉല്ലാസ യാത്രകൾ കൂടാതെ തീർത്ഥാടന യാത്രകളും നടത്തുന്നുണ്ട്. കേരളത്തിലെ പ്രധാന ആരാധനാലയങ്ങളിലെ പ്രധാന ഉത്സവങ്ങൾ കേന്ദ്രീകരിച്ചാണ് തീർത്ഥാടന യാത്രകൾ സംഘടിപ്പിക്കുന്നത്.
വേളാങ്കണ്ണി തീർത്ഥയാത്രയിൽ തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം, നാഗൂർ തുടങ്ങിയ ദേവാലയ സന്ദർശനവും ഉൾപ്പെടുത്തും. രാമേശ്വരം ധനുഷ്കോടി യാത്രയും സംഘടിപ്പിക്കാൻ നീക്കമുണ്ടെന്നറിയുന്നു. കേരളത്തിലെ എല്ലാ യൂണിറ്റുകളിൽ നിന്നും വേളാങ്കണ്ണി തീർത്ഥയാത്ര സംഘടിപ്പിക്കാനാണ് നീക്കം.
പ്രദീപ് ചാത്തന്നൂർ