കോട്ടയം: നീല യൂണിഫോം മുഷിയുന്നു, പഴയ കാക്കി യൂണിഫോം തിരികെ കൊണ്ടുവരണമെന്നു കെഎസ്ആർടിസി ജീവനക്കാർ. കെഎസ്ആർടിസി കോർപറേഷനിലെ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കെഎസ്ആർടിഇഎ (സിഐടിയു) യൂണിയനാണു യൂണിഫോം മാറ്റുന്നതു സംബന്ധിച്ചു എംഡി എം.ജി. രാജമാണിക്യത്തിനു കത്തു നല്കിയത്.
ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്കു പഴയതുപോലെ കാക്കി യൂണിഫോമും മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കു പഴയ നീല യൂണിഫോമും ഉപയോഗിക്കാനുള്ള അനുവാദം നല്കണമെന്നാണു കത്തിൽ ആവശ്യപ്പെടുന്നത്. കെഎസ്ആർടിസിയിൽ സിംഗിൽ ഡ്യൂട്ടി സംവിധാനം നിലവിൽ വന്നതോടെ എല്ലാദിവസവും ജോലിക്കു കയറേണ്ട സാഹചര്യമുള്ളതിനാൽ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്കു നീല യൂണിഫോം വൃത്തിയായി സൂക്ഷിക്കാനുള്ള സാഹചര്യമില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നു.
നിലവിൽ മെക്കാനിക്കൽ ജീവനക്കാർക്കു ചാരനിറത്തിലുള്ള ഷർട്ടും പാന്റുമാണു യൂണിഫോം. പഴയ യൂണിഫോമായിരുന്ന കടുംനീല നിറത്തിലുള്ള ഷർട്ടും പാന്റും തിരികെ കൊണ്ടുവരണമെന്നാണു യൂണിയൻ ആവശ്യപ്പെടുന്നത്. പുതിയ യൂണിഫോം ധരിച്ചു തുടങ്ങി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ യൂണിഫോം പെട്ടെന്നു മുഷിയുന്നതായി കാണിച്ചു കണ്ടക്ടർമാരും ഡ്രൈവർമാരും പരാതി ഉന്നയിച്ചിരുന്നു.
2015 ജൂലൈ ഒന്നു മുതലായിരുന്നു കാക്കി പാന്റും ഷർട്ടും ധരിച്ചിരുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും സ്കൈ ബ്ളൂ ഷർട്ടിലേക്കും നേവി ബ്ളൂ പാന്റിലേക്കും മാറിയത്. വനിതാ കണ്ടക്ടർമാർക്ക് നേവി ബ്ളൂ ബോട്ടത്തോടു കൂടിയതും സ്കൈ ബ്ളൂ ടോപ്പുമുള്ള ചുരിദാറും സ്കൈ ബ്ളൂ നിറത്തിൽ തന്നെയുള്ള ഓവർ കോട്ടുമാണു യൂണിഫോമായി ധരിക്കുന്നത്.
വേണ്ടത്ര ആലോചനകളില്ലാതെ ഏകപക്ഷീയമായിട്ടാണു യൂണിഫോം പരിഷ്കാരം നടപ്പാക്കിയതെന്നും സാധാരണയായി ജന്റം, എസി ബസ് ജീവനക്കാർ ഉപയോഗിച്ചിരുന്നതാണു നീല യൂണിഫോമെന്നും യൂണിയൻ ആരോപിക്കുന്നു.
കെഎസ്ആർടിസിയുടെ ആരംഭകാലം മുതൽ ഉണ്ടായിരുന്ന യൂണിഫോമാണ് നീണ്ടവർഷങ്ങൾക്കുശേഷം 2015ൽ മാറ്റിയത്. എന്നാൽ യൂണിഫോം മാറ്റം ആവശ്യപ്പെട്ടു യൂണിയൻ നല്കിയ കത്തിൽ കോർപറേഷന്റെ ഭാഗത്തു നിന്നും യാതൊരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കോർപറേഷൻ അധികൃതരുടെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു യൂണിയൻ പ്രതിനിധികൾ.