പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസിയിലെ യൂണിഫോം ധരിച്ച് ജോലി ചെയ്യേണ്ട ജീവനക്കാർക്ക് യൂണിഫോം അലവൻസും ഷൂ അലവൻസും ലഭിച്ചിട്ട് ഏഴ് വർഷമായി.
ഈ അലവൻസുകൾ ലഭിക്കാത്തതിനാൽ യൂണിഫോം ബഹിഷ്കരിച്ച് ജോലി ചെയ്യുമെന്ന് ജീവനക്കാർ. 2016 -ലാണ് അവസാനമായി കെഎസ്ആർടിസി ജീവനക്കാർക്ക് ഈ അലവൻസുകൾ കിട്ടിയത്.
അന്ന് യൂണിഫോം അലവൻസ് 1000 രൂപയും ഷൂ അലവൻസ് 250 രൂപയുമാണ് നൽകിയത്.മേയ് 20 മുതൽ യൂണിഫോമിൽ കെഎസ് ആർടിസിയുടെ ലോഗോയും ധരിക്കണമെന്ന ഉത്തരവിറങ്ങിയതോടെയാണ് പ്രശ്നം രൂക്ഷമായത്.
ജീവനക്കാർ യൂണിഫോം ധരിക്കണമെങ്കിൽ സ്വന്തം നിലയിൽ പണം മുടക്കി വേണം യൂണിഫോം വാങ്ങാൻ . ശമ്പളം പോലും കൃത്യസമയത്ത് ലഭ്യമാകാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജീവനക്കാർക്ക് യൂണിഫോം വാങ്ങാനും തുക കണ്ടെത്താൻ കഴിയില്ല.
1961-ലെ മോട്ടോർ ട്രാൻസ് പോർട്ട് തൊഴിലാളി നിയമമനുസരിക്കാൻ കോർപറേഷന് ബാധ്യതയുണ്ടെന്നും ഫോറം ഫോർ ജസ്റ്റിസ് ജനറൽ സെക്രട്ടറി പി .ഷാജൻ ,സി എം ഡി യ്ക്ക് നല്കിയ കത്തിൽ സൂചിപ്പിക്കുന്നു.
കോർപറേഷന്റെ സൽപ്പേരിന് കളങ്കം തട്ടാതിരിക്കാൻ ജീവനക്കാർ വളരെയധികം പ്രയാസപ്പെട്ടാണ് യൂണിഫോം വാങ്ങുന്നത്.
അതുകൊണ്ട് മുൻകാല പ്രാബല്യത്തോടു കൂടി യൂണിഫോം , ഷൂ അലവൻസുകൾ വിതരണം ചെയ്യണമെന്നും എഫ് എഫ് ജെ ജനറൽ സെക്രട്ടറിആവശ്യപ്പെട്ടു.
യൂണിഫോമിൽ ലോഗോ കൂടി തുന്നിചേർക്കണമെന്ന ഉത്തരവിറങ്ങിയതോടെ ജീവനക്കാരുടെ പ്രതിഷേധവും ശക്തമായി. ജീവനക്കാർ സി എം ഡിക്ക് വ്യക്തിപരമായി കത്ത് അയച്ചു തുടങ്ങി.
ജീവനക്കാരുടെ ഈ പ്രതിഷേധ കത്തുകളെ തുടർന്ന് ലോഗോ ധരിക്കണമെന്ന ഉത്തരവ് മരവിപ്പിച്ചു കൊണ്ട് ജൂൺ രണ്ടിന് സിഎംഡി ഉത്തരവിറക്കി. 20 മുതൽ ലോഗോ തുന്നിചേർത്ത യൂണിഫോം ധരിക്കണമെന്ന ഉത്തരവ് കഴിഞ്ഞ 27നാണ് ഉണ്ടായത്.
യൂണിഫോമും ലോഗോയും കർശനമാക്കി കൊണ്ടായിരുന്നു ആ ഉത്തരവ്. ഇന്ന് പകൽ 2.30 ന് അംഗീകൃത സംഘടനപ്രതിനിധികളുമായി സി എം ഡിയുടെ നേതൃത്വത്തിൽ യോഗം നടക്കും.
ഈ യോഗത്തിൽ യൂണിഫോം പ്രധാന വിഷയമാകും. ജീവനക്കാരുടെ ഇൻസെന്റീവ് ബാറ്റ കിലോമീറ്ററിന്റെ ഒന്പത് പൈസ എന്നുള്ളതും കളക്ഷൻ ബാറ്റയും വർധിപ്പിക്കാൻ ധാരണയാകും.
50 കിലോമീറ്ററിലധികമുള്ള സ്റ്റേ സർവീസുകൾക്കും ബാറ്റ അനുവദിക്കും. സി എൻ ജി ബസ് വാങ്ങുന്നതും ഇന്നത്തെ യോഗത്തിലെ അജണ്ടയിലുണ്ട്.