ചാത്തന്നൂർ: കെ എസ് ആർടിസിയിൽ അംഗീകൃത യൂണിയനുകളെ തിരഞ്ഞെടുക്കാൻ 30-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹിതപരിശോധന അനിശ്ചിതത്വത്തിൽ. കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയനുകൾ ഇല്ലാതായിട്ട് ഒന്നേകാൽ വർഷത്തിലേറെയായി. ഇത്രയും വൈകി നടത്തുന്ന ഹിതപരിശോധനയാണ് അനിശ്ചിതത്വത്തിലായത്.
എങ്കിലും തൊഴിലാളി സംഘടനകൾ തിരഞ്ഞെടുപ്പു പ്രചരണവുമായി മുന്നോട്ട്. കുറ്റമറ്റ രീതിയിൽ അന്തിമ വോട്ടർ പട്ടികതയാറാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി റിട്ടേണിംഗ് ഓഫീസറായ അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം. സുനിൽ ഹിതപരിശോധന താത്ക്കാലികമായി മാറ്റി വച്ചിരിക്കുന്നു എന്ന് ഉത്തരവിറക്കി. ഹിതപരിശോധന കോടതിയിലും എത്തി.
കഴിഞ്ഞ നാലിനു തയാറാക്കിയ കരട് വോട്ടർ പട്ടികയിൽ സ്ഥിരം ജീവനക്കാരിൽ നിന്നുള്ള പരാതികൾ കേല്ക്കുകയും പത്തിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. സ്ഥിരം ജീവനക്കാർക്ക് മാത്രം വോട്ടവകാശം ഉള്ളതായിരുന്നു വോട്ടർ പട്ടിക.എന്നാൽ 120 ദിവസം ജോലി ചെയ്തിട്ടുള്ള ബദലി, കരാർ ജീവനക്കാർക്കും വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് തൊഴിലാളി സംഘടനകളും വ്യക്തികളായി 886 പരാതികളും റിട്ടേണിംഗ് ഓഫീസർക്ക് കിട്ടി.
ഇതിൽ റിട്ടേണിംഗ് ഓഫീസർ മാനേജ് മെന്റിന്റെ നിലപാട് അന്വേഷിക്കുകയും ബദലികരാർ ജീവനക്കാർക്ക് വോട്ടവകാശം നിഷേധിക്കുന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തു.ഇതേത്തുടർന്ന് റിട്ടേണിംഗ് ഓഫീസർ താത്ക്കാലികമായി ഹിതപരിശോധന മാറ്റി വച്ചു. ഹിതപരിശോധന മാറ്റി വച്ചതിനെതിരേ ഒരു സംഘടന ഹൈക്കോടതിയെ സമീപിക്കുകയും 30 -ന് തന്നെ ഹിതപരിശോധന നടത്താൻ അനുകൂല ഉത്തരവ് നേടുകയും ചെയ്തു.
ഈ അനുകൂല ഉത്തരവിനെതിരെ ഒരു യൂണിയൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ദിവസ വേതനക്കാരായ ബദലി, കരാർ ജീവനക്കാർ 120 ദിവസം ജോലി ചെയ്തിട്ടുണ്ടെങ്കിൽ വോട്ടവകാശം നല്കണമെന്നതാണ് ചില യൂണിയനുകളുടെ ആവശ്യം. ഹൈക്കോടതിയുടെ മുൻ ഉത്തരവ് പ്രകാരം ബദലി, കരാർ ജീവനക്കാരെ കെ എസ് ആർടിസിയിൽ നിയമിക്കാൻ പാടില്ല. സീസണുകളിലെ ആവശ്യത്തിന് ജീവനക്കാരില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബദലി, കരാർ ജീവനക്കാരെ എടുത്തിട്ടുള്ളത്.
ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി നിയോഗിച്ചിട്ടുള്ള ബദലി, കരാർ ജീവനക്കാർക്ക് വോട്ടവകാശം നല്കണമെന്ന ആവശ്യം അത്തരം ജീവനക്കാരുടെ നിലനില്പിന് തന്നെ ദോഷകരമാവുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.7,286 ബദലി, കരാർ ജീവനക്കാരുണ്ടെന്നാ ണ് കണക്ക്. ഇനിയുള്ള ദിവസങ്ങളിൽ കോടതിയിൽ എത്തുന്ന കേസുകളെ ആശ്രയിച്ചായിരിക്കും ഹിതപരിശോധന.
- പ്രദീപ് ചാത്തന്നൂർ