പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി സിയിലെ അംഗീകൃത യൂണിയനുകൾ പണിമുടക്കിലേക്ക്.
നവമ്പർ 5, 6 തീയതികളിൽ പണിമുടക്ക് സമരം നടത്തുമെന്ന് യൂണിയനുകൾ നോട്ടീസ് നല്കിയിരുന്നു.ഇതിനെ തുടർന്ന് ഇന്നലെ സി എംഡി ബിജു പ്രഭാകരന്റെ അധ്യക്ഷതയിൽ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.
സമരത്തിന് ആധാരമായ വിഷയങ്ങളിൽ തീരുമാനമുണ്ടായില്ലെന്ന് അംഗീകൃത തൊഴിലാളി യുണിയനുകൾ അറിയിച്ചു.കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടപ്പാക്കിയത് 11 വർഷം മുമ്പാണ്.
ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന ജീവനക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് കഴിഞ്ഞ ജൂൺ 21-ന് ഗതാഗത മന്ത്രി യോഗം വിളിച്ചു. മാനേജ്മെന്റിന്റെ ഉപസമിതി രൂപീകരിച്ച് തുടർ ചർച്ചകൾ നടത്താനും തീരുമാനിച്ചു.
പക്ഷേ ആദ്യ യോഗം ചേർന്നത് സെപ്റ്റംബർ 9- നാണ്.തുടർന്ന് അഞ്ചു വട്ടം ചർച്ച നടത്തിയിട്ടും തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് അംഗീകൃത യൂണിയനുകൾ പണിമുടക്കുമായി രംഗത്തെത്തിയത്.
അംഗീകൃത യൂണിയനുകൾ മാനേജ്മെന്റിനൊപ്പമാണെന്ന് ആരോപിച്ച് സ്വതന്ത്ര കൂട്ടായ്മകൾക്ക് ജീവനക്കാർ രൂപം കൊടുക്കുകയും അവർ പ്രത്യക്ഷ സമര പരിപാടികൾ യൂണിറ്റ് തലത്തിൽ നടത്തുകയും ചെയ്യുന്നത് അംഗീകൃത യൂണിയനുകളെയും മാനേജ്മെൻറിനെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
മാത്രമല്ല സ്വതന്ത്ര കൂട്ടായ്മകൾ നിരന്തരം കോടതിയെ സമീപിക്കുന്നതും മാനേജ്മെന്റിനെ അലോസരപ്പെടുത്തുന്നുണ്ട്. കോടതിയിലെ പരാജയവും സാമ്പത്തിക ചെലവും പ്രധാനമാണ്.
27-ന് മുഖ്യമന്ത്രി മന്ത്രി തല യോഗം വിളിച്ചിട്ടുണ്ടെന്നും 28, 29 തീയതികളിൽ തുടർച്ചയായി ചർച്ച ചെയ്ത് തീരുമാനം ഉണ്ടാക്കാമെന്നും സി എംഡി അറിയിച്ചെങ്കിലും യൂണിയനുകൾക്ക് അത് സ്വീകാര്യമായില്ല.
അംഗീകൃത യൂണിയനുകളെ പ്രതിനിധീകരിച്ച് സി.കെ.ഹരികൃഷ്ണൻ, സജീവ് സോമൻ, സുരേഷ് (കെഎസ്ടിടിഎംപ്ലോയീസ് അസ്സോസിയേഷൻ) ആർ.അജയകുമാർ, കെ.എൽ.രാജേഷ്, എസ്.ശ്രീകുമാർ (കെഎസ്ടിഎംപ്ലോയീസ് സംഘ് ) ആർ.ശശിധരൻ, ആർ.അയ്യപ്പൻ (ടി ഡി എഫ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.