തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കുന്നതിനു യാത്രക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി കഐസ്ആർടിസി.
ഓർഡിനറി ബസുകൾ ഇനി യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തുന്നത് ഉൾപ്പെടെയാണു പരിഷ്കാരങ്ങൾ. ഇതോടെ എവിടെ നിന്നു വേണമെങ്കിലും ബസിൽ കയറാം.
അണ്‍ലിമിറ്റഡ് ഓർഡിനറി സർവീസ് എന്നാണ് ഇത് അറിയപ്പെടുക. ആദ്യഘട്ടത്തിൽ തെക്കൻ ജില്ലകളിൽ മാത്രമായിരിക്കും ഇതു നടപ്പിലാക്കുക.
രാവിലെയും വൈകിട്ട് തിരിച്ചും യാത്രക്കാരെ തീരെ കിട്ടാത്ത ഷെഡ്യൂളുകൾ നഗരാതിർത്തിക്കു പുറത്തേക്കു മാറ്റി സ്റ്റേ സർവീസുകളാക്കും. ഇതിലെ ജീവനക്കാർക്ക് ഡിപ്പോയിൽ നിന്നുള്ള ദൂരം കണക്കാക്കി കിലോമീറ്ററിനു രണ്ടു രൂപ വീതം പ്രത്യേക അലവൻസ് നൽകും.
മാത്രമല്ല, ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടതു യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകൾ ഇനി ഓടിക്കാനാകില്ലെന്ന് എംഡി ബിജു പ്രഭാകർ നിർദേശം നൽകി.
ഓർഡിനറി കുറവുള്ള മലബാർ മേഖലയിൽ സ്റ്റോപ്പുകളിൽ മാത്രം നിർത്തുന്ന പഴയ രീതി തുടരാം.ഇന്ധന ചെലവ് കുറയ്ക്കാൻ നഷ്ടത്തിലുള്ള ഷെഡ്യുളുകൾ പരമാവധി സ്റ്റേ സർവീസുകളാക്കി മാറ്റും.
അഞ്ചു മാസത്തിനുള്ളിൽ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും കാഷ് ലെസ് ടിക്കറ്റ് മെഷീനുകൾ ഏർപ്പെടുത്താനും തീരുമാനിച്ചു. ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ സ്വൈപ് ചെയ്യാൻ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളിൽ ഏർപ്പെടുത്താനും തീരുമാനമായി.