– പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസി സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കുന്നതു സംബന്ധിച്ചു രണ്ടു കമ്പനികളുമായി ധാരണയിലായി. ബംഗളൂരു ആസ്ഥാനമായ ഗംഗ ട്രാൻസ്പോർട്ട്, മുംബൈ ആസ്ഥാനമായ ഓട്ടോ ഫ്രൂസ് ട്രാവൽ സൊലുഷൻ എന്നീ കമ്പനികളുമായാണ് ധാരണാപത്രം ഒപ്പിട്ടത്.
ഇരുകമ്പനികളിൽനിന്നും 20 എസി സ്കാനിയ ബസുകളും 10 നോൺ എസി സ്ലീപ്പർ ബസുകളും 10 സാധാരണ ബസുകളുമാണ് വാടകയ്ക്കെടുക്കുന്നത്. കെഎസ്ആർടിസി സ്വകാര്യ ബസ് വാടകയ്ക്ക് എടുക്കുന്നതിന് രണ്ടു സ്വകാര്യ ബസ് കന്പനികളുടെ ടെൻഡർ അംഗീകരിച്ചിരുന്നത് ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ആദ്യ ഘട്ടത്തിൽ 250 ബസുകളാണ് വാടകയ്ക്ക് എടുക്കുന്നത്.നോൺ എസി ബസുകൾക്കു കിലോമീറ്ററിന് 13 രൂപയാണ് വാടക. ബാക്കി ബസുകൾ മറ്റു കമ്പനികളിൽനിന്നു വാങ്ങാനുള്ള ടെൻഡർ പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു വർഷത്തേക്കാണ് കരാർ. കണ്ടക്ടർ, ഡ്രൈവർ, ഇന്ധനം എന്നിവ കെഎസ്ആർടിസി നൽകും. അറ്റകുറ്റപ്പണികൾ, നികുതി ഉൾപ്പെടെയുള്ള ചെലവുകൾ സ്വകാര്യ കമ്പനികളാവും നോക്കുക.
കെഎസ്ആർടിസി ബസുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് കുറയ്ക്കാനാണ് സ്വകാര്യ ബസുകൾ ഡ്രൈലീസിംഗ് വ്യവസ്ഥയിൽ എടുക്കുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ ബസ് ഒരു ഷെഡ്യൂൾ സർവീസ് പൂർത്തിയാക്കുമ്പോൾ ഒരുബസിന് 1,000-1,200 രൂപയുടെ അറ്റകുറ്റപ്പണി വരുന്നുണ്ട്.
കൂടാതെ നികുതിയിനത്തിലും ഗണ്യമായ തുക ചെലവഴിക്കുന്നുണ്ട്. ഇതു ലാഭിക്കുകയാണ് വാടക വണ്ടി എടുക്കുന്നതിന്റെ ലക്ഷ്യം. നിലവിൽ കെഎസ്ആർടിസിയുടെ 894 ബസുകൾ കാലഹരണപ്പെട്ടതാണ്. ഇതിനെത്തുടർന്ന് 700 ബസുകൾ പുതുതായി വാങ്ങാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, പുതിയ ബസുകൾ വാങ്ങുന്നതു കൂടുതൽ സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്ന നിഗമനത്തെത്തുടർന്നാണ് സ്വകാര്യബസുകൾ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചത്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ ഈ സംവിധാനം നേരത്തെ നടപ്പാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ വൻ ലാഭകരമാണ് ഈ പദ്ധതിയെന്നു കെഎസ്ആർടിസി അധികൃതർ പറയുന്നു.