വടകര: ഉഴുതുമറിച്ച നെൽപാടത്തെ വെല്ലുകയാണ് വടകര കഐസ്ആർടിസി ഡിപ്പോ. മഴക്കാലം തുടങ്ങിയതുമുതലുള്ള അവസ്ഥയാണ് ഇത്. ഓഫീസിലേക്കും വർക്ക്ഷോപ്പിലേക്കും നടന്നുപോകാൻ കഴിയാത്ത വിധം ചെളിപിളിയായി.
നിലം കോണ്‍ക്രീറ്റിനായി കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ഇതുവരെ ജോലികളൊന്നും തുടങ്ങിയിട്ടില്ല. ഡിപ്പോയിലെത്തുന്ന ബസുകളിൽനിന്നു ജീവനക്കാർക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ.
ഈ ചെളിയിൽ ഇരുന്നും നിന്നും വേണം വർക്ക്ഷോപ്പ് ജീവനക്കാർ ജോലിചെയ്യാൻ. ഏറെക്കാലത്തെ മുറവിളികൾക്കുശേഷം വടകരയ്ക്ക് അനുവദിച്ച ഡിപ്പോയോട് അധികാരികൾ പുലർത്തുന്ന ചിറ്റമ്മ നയത്തിൽ ജീവനക്കാർക്ക് കടുത്ത പ്രതിഷേധമുണ്ട്. പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെയും കോർപറേഷന്റെയും ഭാഗത്തുനിന്നും അടിയന്തിര നടപടികൾ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ദുരിതം പരിഹരിക്കണമെന്ന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ഐഎൻടിയുസി മേഖല സംയുക്ത പ്രവർത്തക യോഗം ആവശ്യപ്പെട്ടു. മോട്ടോർ ഫെഡറേഷൻ ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ.എൻ.എ അമീർ ഉദ്ഘാടനം ചെയ്തു. ഡെറിക് ജെയ്സണ്‍ അധ്യക്ഷത വഹിച്ചു.
കെ.സുധീർകുമാർ, വി.വി.നാസർ, ശ്രീജിത്ത്, കെ.ടി.കെ.പ്രേമൻ, പി.സുജീഷ്, എ.പ്രമോദ്, മാതോങ്കണ്ടി അശോകൻ, പറന്പത്ത് ദാമോദരൻ, രാജേഷ് കിണറ്റിൻകര, മീത്തൽ നാസർ, എൻ.വി.ജിനീഷ് കുമാർ, ഫൈസൽ തങ്ങൾ എന്നിവർ പ്രസംഗിച്ചു. വേണുഗോപാൽ സ്വാഗതവും ശ്രീകാന്ത് നന്ദിയും പറഞ്ഞു.