തിരുവനന്തപുരം: മദ്യഷോപ്പ് തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കെഎസ്ആർടിസി.
ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കുക ഡിപ്പോകൾക്ക് പുറത്തുള്ള കെഎസ്ആർടിസിയുടെ ഭൂമിയിലാണെന്നും സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.
ഉപയോഗിക്കാത്ത കെഎസ്ആർടിസി കെട്ടിടങ്ങൾ ബെവ്കോയ്ക്കു കൈമാറും. ബെവ്കോയുമായി സഹകരിച്ചാകും ഔട്ട്ലെറ്റുകൾ നിർമിക്കുക.
കെട്ടിടങ്ങളുടെ വാടക കെഎസ്ആർടിസിക്ക് ലഭിക്കുമെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.
അതേസമയം കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യവില്പന തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ പോലും നടന്നിട്ടില്ലെന്നും നിലവിൽ നടക്കുന്ന ചർച്ചകൾ അപ്രസക്തമാണെന്നും എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ മാധ്യമവാർത്തകൾ മാത്രമേ തനിക്കറിയൂ. ഒരു തീരുമാനവും വിഷയത്തിലുണ്ടായിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
തിരക്കുള്ള പ്രദേശങ്ങളിൽ നിന്നും മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. അതിനായി നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഗോവിന്ദൻ പറഞ്ഞു.
വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത്.