പാലാ: സ്റ്റോപ്പിലിറങ്ങാതെ വീട്ടമ്മയുടെ പ്രതിഷേധം നീണ്ടത് കെഎസ്ആർടിസി ജീവനക്കാരെയും യാത്രക്കാരെയും വട്ടംകറക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് പാലാ-കോട്ടയം റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം.
തൊടുപുഴ നഗരത്തിൽ നിന്നും കയറിയ മധ്യവയസ്കയായ വീട്ടമ്മയാണു യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ വലച്ചത്. നെല്ലാപ്പാറ ഭാഗത്തേക്കു ടിക്കറ്റെടുത്ത് യാത്ര ചെയ്ത ഇവർ ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങുകയോ എഴുന്നേൽക്കുകയോ ചെയ്തില്ലെന്നു ജീവനക്കാർ പറയുന്നു.
ബസ് മുന്നോട്ടു പോയി തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോൾ നിർത്തി ഇവരോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ജീവനക്കാരും യാത്രക്കാരും പലതവണ ആവശ്യപ്പെട്ടിട്ടും തന്റെ സ്റ്റോപ്പ് ഇതല്ലെന്ന കടുംപിടിത്തത്തിലായിരുന്നു വീട്ടമ്മ. ഇതേത്തുടർന്ന് അരമണിക്കൂറോളം ബസ് ഇവിടെ നിർത്തിയിട്ടു. ബസ് കോട്ടയം പോയി മടങ്ങിവരുന്പോൾ ഇവിടെ ഇറങ്ങിക്കൊള്ളാമെന്ന നിലപാടിലായിരുന്നു ഈ സമയമത്രയും ഇവർ.
ബസ് പാലായിലെത്തിയതോടെ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി കാര്യങ്ങൾ തിരക്കിയെങ്കിലും ഇതേ ബസിൽ യാത്ര തുടരാനായിരുന്നു വീട്ടമ്മയുടെ തീരുമാനം. പിന്നീട് എസ്ഐയും മറ്റും അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ഭർത്താവിനെ വിളിച്ചുവരുത്തി പറഞ്ഞയയ്ക്കുകയുമായിരുന്നു.