ആലുവ: താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്ന യുവതിയെ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ട സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാർക്കെതിരേ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി.
പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. പെരുമ്പാവൂർ വിജിലൻസ് സ്ക്വാഡിലെ ഇൻസ്പെക്ടർ പി. രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ പെൺകുട്ടിയുടെ മൊഴിയെടുത്തു. ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസ് കണ്ടക്ടറോടും ബസ് ഡ്രൈവറോടും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ വിശദീകരണം തേടും. അതിനുശേഷമാണ് നടപടിയുണ്ടാവുക.
വിമാനത്താവളത്തിനടുത്ത് അത്താണിയിലെ ഹോട്ടൽ ജീവനക്കാരിയായ പെൺകുട്ടിക്കാണ് ദുരനുഭവമുണ്ടായത്. അത്താണിയിൽനിന്ന് ആലുവയ്ക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ രാത്രി 10 ഓടെയാണ് കയറിയത്. ബൈപാസിലൂടെ പോകുന്ന ബസുകൾ രാത്രിയായാൽ ബസ് സ്റ്റാൻഡിൽ കയറിപ്പോകണമെന്ന് നിയമമുണ്ട്.
ഇതനുസരിച്ച് നഗരത്തിലേക്കു കയറുമ്പോൾ ആലുവ ബാങ്ക് കവലയിൽ ഇറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാങ്ക് കവല എത്തിയിട്ടും ബസ് നിർത്തിയില്ല. തുടർന്ന് പെൺകുട്ടി ബെല്ലടിച്ചു. കുപിതനായി കണ്ടക്ടർ ഡബിൾ ബെല്ലടിക്കുകയും ബസ് സ്റ്റാൻഡിനടുത്ത് വൈദ്യുതിയില്ലാത്ത ഭാഗത്തെ റോഡിൽ പെൺകുട്ടിയെ ഇറക്കിവിടുകയുമായിരുന്നു.