ഏറ്റുമാനൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിജയനുണ്ടെങ്കിൽ യാത്രക്കാർക്ക് ധൈര്യമായി. അവർക്ക് വിശ്രമകേന്ദ്രത്തിൽ സ്വസ്ഥമായിരിക്കാം. ബസിന്റെ വരവറിയിക്കാൻ വിജയനുണ്ടല്ലോ.
ലോട്ടറി വില്പനക്കാരനാണ് ഏറ്റുമാനൂർ വള്ളിക്കാട് സ്വദേശിയായ വിജയൻ. കെഎസ്ആർടിസി ബസ് സ്റ്റാൻഡാണ് വിജയന്റെ പ്രധാന വില്പന കേന്ദ്രം. ബസ് സ്റ്റാൻഡിൽ എത്തുന്ന ബസുകൾ എവിടേക്കെന്നും എത്തുന്ന സമയവുമെല്ലാം വിജയന് ഹൃദിസ്ഥമാണ്.
സ്റ്റാൻഡിലേക്ക് ബസ് കടന്നു വരുന്പോഴേ വിജയന്റെ “അനൗണ്‍സ്മെൻറ്’ തുടങ്ങുകയായി. എവിടേക്കുള്ള ബസാണെന്നും കടന്നു പോകുന്ന വഴികളും വിജയൻ ഉച്ചത്തിൽ വിളിച്ചു പറയും.
അനൗണ്‍സ്മെന്റിന് സൗകര്യമില്ലാത്ത ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഒരു ബസ് വരുന്പോൾ എവിടേക്കുള്ള ബസാണെന്നറിയാൻ യാത്രക്കാരെല്ലാവരും പോയി നോക്കുകയേ മാർഗമുള്ളു. ഇവിടെയാണ് വിജയൻ ഉപകാരിയാകുന്നത്. വിജയനുണ്ടെങ്കിൽ യാത്രക്കാർക്ക് സ്വസ്ഥമായിരിക്കാം. വിജയൻ വിളിച്ചു പറയുന്നതനുസരിച്ച് വന്ന് ബസിൽ കയറുക മാത്രം മതി.
വിജയന്റെ ഈ ഉപകാരത്തിന് യാത്രക്കാരിൽ പലരും പ്രത്യുപകാരം ചെയ്യുന്നത് വിജയന്റെ പക്കൽ നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങിയാണ്. അങ്ങനെ യാത്രക്കാരും വിജയനും പരസ്പരം സഹായികളായി മാറുകയാണിവിടെ.