പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ കൂട്ടവിരമിക്കൽ. മേയ് 31-ന് മാത്രം വിരമിക്കുന്നത് 416 ജീവനക്കാർ.കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ജീവനക്കാർ ഒരു ദിവസം വിരമിക്കുന്നത്.
വിരമിക്കുന്നതിലധികവും 2000 ബാച്ച് ഡ്രൈവർമാരാണ്. 26,000ത്തോളം ജീവനക്കാരിൽ ആയിരത്തോളം പേരാണ് ഈ സാമ്പത്തിക വർഷത്തിൽ വിരമിക്കുന്നത്. ഇവർക്ക് പകരം നിയമനം ഉണ്ടാകാൻ സാധ്യതയില്ല.
2021-22 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷനിൽ നിന്നു വിരമിക്കുന്നത് 945 ജീവനക്കാരാണ്. ഇതിൽ 2022-ജനുവരി മുതൽ മാർച്ച് വരെ വിരമിക്കാനുള്ളത് 187 പേർ മാത്രമാണ്. 2021 ജൂൺ മുതൽ ഡിസംബർ വരെ വിരമിക്കുന്നത് 200 ഓളം ജീവനക്കാരും.
ലോക്ഡൗൺ കഴിഞ്ഞ് ഓർഡിനറി സർവീസുകളും ഹ്രസ്വദൂര സർവീസുകളും പരമാവധി ഓപ്പറേറ്റ് ചെയ്യാനാണ് കോർപ്പറേഷന്റെ നീക്കം. ഡ്രൈവർ ,കണ്ടക്ടർ വിഭാഗം ജീവനക്കാരാണ് വിരമിക്കുന്നവരിൽ 80 ശതമാനത്തിലേറെയും.
ഇത് സുഗമമായ സർവീസ് നടത്തിപ്പിനെ ബാധിക്കും. വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് തുടങ്ങിയ പെൻഷൻ ആനുകൂല്യങ്ങൾ നല്കാൻ കോർപ്പറേഷൻ ഭാരിച്ച തുക കണ്ടെത്തേണ്ടിയും വരും.
സാമ്പത്തികപ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്ന കോർപ്പറേഷന് ഇത് പെട്ടെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാവും.ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ വൈകാനാണ് സാധ്യത.
രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരും ആറ് ഉന്നത ഉദ്യോഗസ്ഥരും 31-ന് വിരമിക്കുന്നത് കൂടാതെയാണ് 416 പേർ അന്ന് വിരമിക്കുന്നത്.