ചേർത്തല: കെഎസ്ആർടിസി ചേർത്തല-കോട്ടയം ചെയിൻ സർവീസ് അട്ടിമറിക്കുവാൻ ശ്രമം. ഇതിനായി സമയ നിഷ്ഠ പാലിക്കാതെ സ്വകാര്യബസുകൾ തോന്നിയതുപോലെ സർവീസ് നടത്തുന്നതായാണ് ആക്ഷേപം. മോട്ടോർ വാഹന വകുപ്പ് ഇതു പരിശോധിക്കുന്നില്ലെന്നും പരാതിയുണ്ട്. കഐസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിയപ്പോൾ സ്വകാര്യബസുകളുടെ കളക്ഷൻ കുറവായതിനെ തുടർന്നാണ് അട്ടിമറി ശ്രമം തുടങ്ങിയത്.
ഇതിനായി കഐസ്അർടിസി ബസ് പുറപ്പെടുന്നതിനു തൊട്ടുമുന്പ് മൊബൈൽ ഫോണ് വഴി സന്ദേശം നല്കിയാണ് സ്വകാര്യബസുകൾ സർവീസ് നടത്തുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കെഎസ്ആർടിസിയുടെ കോട്ടയം ഡിപ്പോയിൽ നിന്ന് ഏഴു സർവീസും ചേർത്തല ഡിപ്പോയിൽ നിന്ന് ഏഴു സർവീസും ആണ് ആരംഭിച്ചത്. അരമണിക്കൂർ ഇടവിട്ട് ചെയിൻ സർവീസ് ആയാണ് തുടങ്ങിയത്്.
ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിലും കോട്ടയം നഗരസഭ നാഗന്പടം ബസ് സ്റ്റാൻഡിലും പ്രവേശിച്ചാണ് കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നത്. എന്നാൽ സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ കിടക്കാൻ കെഎസ്ആർടിസിക്ക് ഇതുവരെയും അനുവാദം നല്കിയിട്ടില്ല. ഇതിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേർത്തല മുനിസിപ്പൽ സെക്രട്ടറിക്ക് കഐസ്ആർടിസി എടിഒ കത്ത് നൽകിയെങ്കിലും തീരുമാനം ആയിട്ടില്ല.
ഇതേ തുടർന്ന് സ്വകാര്യ സ്റ്റാൻഡുകളിൽ പ്രവേശിക്കുന്ന കെഎസ്ആർടിസി ജീവനക്കാരെ സ്വകാര്യ ബസുകളിലെ ജീവനക്കാർ അസഭ്യം പറയുന്നതായി പരാതിയുണ്ട്. നിലവിൽ നഷ്ടമായിരുന്ന ചേർത്തല-കോട്ടയം റൂട്ടിൽ ഇപ്പോൾ ചെയിൻ സർവീസ് തുടങ്ങിയതോടെ നഷ്ടം നികത്തി വരുന്നതായും അധികൃതർ പറയുന്നു. എന്നിട്ടും നഗരസഭയുടെ ഭാഗത്തുനിന്നും വേണ്ടരീതിയിലുള്ള സഹായമില്ലെന്ന പരാതിയാണ് കെഎസ്ആർടിസി അധികൃതർക്ക് ഉള്ളത്.