പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ആഭ്യന്തര വിജിലൻസ് വിഭാഗംശക്തിപ്പെടുത്തുന്നതിന് പോലീസ് സ്റ്റൈൽ പരിശീലനം നല്കും.
ആഭ്യന്തര വിജിലൻസ് വിഭാഗത്തിലെ 45 ഇൻസ്പെകർമാർക്കും മിനിസ്റ്റീരിയൽ വിഭാഗത്തിൽപ്പെട്ട രണ്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും മൂന്ന് സൂപ്രണ്ടുമാരും ഒരു അസിസ്റ്റന്റും പരിശീലനത്തിൽ പങ്കെടുക്കാനാണ് ഉത്തരവ്.
പ്രതിരോധ ജാഗ്രത ഉൾപ്പെടെയുള്ള പരിശീലനമാണ് നല്കുന്നത്. പോലീസ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ (വി ആന്റ് എ സി ബി ) യാണ് പരിശീലകർ.
14 – ന് തിരുവനന്തപുരത്തെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഡയറക്ടറേറ്റിൽ വച്ചാണ് ഏകദിന പരിശീലനം.
ബസുകളിലെ ടിക്കറ്റ് തട്ടിപ്പ് ഉൾപ്പെടെ യാത്രക്കാരും ചില ജീവനക്കാരും നടത്തുന്ന തട്ടിപ്പും ടിക്കറ്റ് പരിശോധനയുമാണ് ഇപ്പോൾ പ്രധാനമായും ആഭ്യന്തര വിജിലൻസ് നടത്തി കൊണ്ടിരിക്കുന്നത്.
യാത്രക്കാരുടെ പരാതികളെക്കുറിച്ചും ഈ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പോലീസിൽ നിന്നും പരിശീലനം ലഭ്യമാകുന്നതോടെ ഈ വിഭാഗത്തെ കൂടുതൽ ചുമതലകളിലേയ്ക്ക് കൂടി നിയോഗിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.