വൈപ്പിൻ: കെഎസ്ആർടിസി തിരുക്കൊച്ചി ബസുകൾ വൈപ്പിൻ ബസ് സ്റ്റാന്‍ഡിൽ കയറാതെ പോകുന്നതിനാൽ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്റ് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് സർവീസ് പ്രയോജനരഹിതം. മാത്രമല്ല കെഎസ്ആർടിസി ഇവിടെ വിദ്യാർഥികൾക്ക് കണ്‍സഷനും അനുവദിക്കുന്നില്ല.
കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്ക് കണ്സഷൻ നൽകാത്തതിനാൽ വിദ്യാർഥികളെമുഴുവൻ ചുമക്കുന്നത് സ്വകാര്യ ബസുകളാണ്. ഇതിനാൽ ബസുകളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാണെന്ന് ഉടമകളും തൊഴിലാളികളും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കണ്സഷൻ നൽകാത്തതിനെതിരേ പൊതുപ്രവർത്തകരും ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്ന് സ്വകാര്യ ബസുടമകളും തൊഴിലാളികളും ആവശ്യപ്പെട്ടു.
വിദ്യാർഥി സംഘടനകളൊന്നും ഇക്കാര്യത്തിൽ പ്രതിഷേധിക്കുക പോലും ചെയ്യാത്തത് ആശ്ചര്യകരമാണെന്ന് ബസുടമകൾ പറയുന്നു. മാത്രമല്ല തിരുക്കൊച്ചി സർവീസുകൾ ഞാറക്കൽ-എറണാകുളം ജെട്ടി റൂട്ടിൽ ഹ്രസ്വദൂര ഷട്ടിൽ സർവീസാണ് നടത്തുന്നത്. ഇതിനാൽ ഒരേ സ്വകാര്യ ബസിന്റെ തന്നെ അഞ്ചോളം ചാലുകൾക്ക് മുന്നിൽ തിരുക്കൊച്ചി ബസിന്റെ സർവീസ് പതിവാണ്. ഇത് സ്വകാര്യ ബസുകളുടെ വരുമാനത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്.
പലപ്പോഴും തൊഴിലാളിക്കുള്ളതും മറ്റ് ചെലവും കഴിഞ്ഞാൽ പിന്നെ ബാഗിൽ ഉടമക്ക് ഒന്നും ഉണ്ടാവില്ലെന്നാണ് ബസുടമകൾ പറയുന്നത്. അതേ സമയം പറവൂർ – വൈപ്പിൻ- എറണാകുളം റൂട്ടിൽ തിരുക്കൊച്ചി ബസുകൾ പൂർണ്ണമായ സർവീസ് നടത്തുകയും ഒപ്പം വിദ്യാർഥികൾക്ക് കണ്സഷൻ അനുവദിക്കുകയും ചെയ്താൽ ഇത് സ്വകാര്യ ബസുകളെ ഇത്രക്ക് ബാധിക്കില്ലെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.