ചേർത്തല: പിന്നിലെ നാല് ടയറുകളിൽ രണ്ടെണ്ണം ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരേ നടപടിയുണ്ടാകും. ചേർത്തല ഡിപ്പോയിൽ അന്ന് ചുമതലയിലുണ്ടായിരുന്ന വെഹിക്കിൾ സൂപ്പർവൈസർക്കും സ്റ്റേഷൻമാസ്റ്റർക്കും വകുപ്പുതല അന്വേഷണത്തെത്തുടർന്ന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിൻഭാഗത്തെ രണ്ട് ടയറുകളുമില്ലാതെ ബസ് 38 യാത്രക്കാരുമായി 29 കിലോമീറ്റർ ഓടിയത്. പുലർച്ചേ 5.45 ന് വൈറ്റിലയിലേക്ക് സർവീസ് നടത്തിയ കെയുആർടിസി ജന്റം ബസിലാണ് സംഭവം. എറണാകുളം നെട്ടൂരിൽ സ്റ്റോപ്പിൽ നിർത്തുന്പോൾ ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബസ് തടഞ്ഞുനിർത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല ഡിപ്പോയിലെ ഡ്രൈവർ പി.എസ് ബൈജുവിനെ സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തിരിക്കുകയാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് ഉദ്യോഗസ്ഥരുടെ അലംഭാവവും ഇതിനുപിന്നിലുണ്ടെന്ന് കണ്ടെത്തിയത്.അറ്റകുറ്റപ്പണി പൂർത്തീകരിക്കുംമുന്പ് ഡ്രൈവർ ബസ് സർവീസിനായി കൊണ്ടുപോകുകയായിരുന്നു.