ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റില്‍ കെഎസ്ആര്‍ടിസിയെ കരകയറ്റുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.
ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനോടൊപ്പം ഹൈഡ്രജന്‍ ഇന്ധനമാക്കാനുള്ള പൈലറ്റ് പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
പുത്തന്‍ തലമുറ ഇന്ധനമായ ഹൈഡ്രജനില്‍ ഓടുന്ന പത്ത് ബസുകളാണ് കെഎസ്ആര്‍ടിസിക്കുള്ള ബജറ്റിലെ സമ്മാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും സിയാലിന്റെയും സഹകരണത്തോടെയാണ് ബസുകള്‍ നിരത്തില്‍ ഇറങ്ങുക.
ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള ബസുകള്‍ പരീക്ഷണയോട്ടം നടത്തും. ആദ്യം പത്ത് ബസുകളാവും പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ ഓടിക്കുക. ഈ പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ വിഹിതമായി പത്ത് കോടി വകയിരുത്തിയത്.
കൂടാതെ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനായി 100 കോടി അനുവദിച്ചു. 3000 ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും. 300 കോടിരൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ചിലവ് ഗണ്യമായ തോതില്‍ കുറയ്ക്കാമെന്നാണ് കണക്കുകൂട്ടുന്നത്.