പൊൻകുന്നം: കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്തിയില്ലെന്ന് കാട്ടി പൊൻകുന്നം എടിഒയ്ക്ക് യാത്രക്കാരൻ പരാതി നൽകി. ബസിലെ വനിതാ കണ്ടക്ടറുടെ ചിത്രം മൊബൈലിൽ എടുത്ത ശേഷം ഫോട്ടോ പകർപ്പ് ചേർത്താണ് പരാതി നൽകിയത്. ഇതോടെ അനുമതി ഇല്ലാതെ തന്റെ ചിത്രം എടുത്തതിനും ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതിനും ബസിലെ വനിതാ കണ്ടക്ടർ പൊൻകുന്നം പോലീസിൽ വേറൊരു പരാതിയും നൽകി.
ഇളങ്ങുളം സ്വദേശി സന്തോഷ് പി. കുര്യനാണ് പരാതി നൽകിയ യാത്രക്കാരൻ. ആർആർഎം 935 നന്പറിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റ് മൂന്ന് യാത്രക്കാർക്കൊപ്പം കൈ കാണിച്ചിട്ടും സ്റ്റോപ്പിൽ നിർത്താതെ മാറ്റി നിർത്തി യാത്രക്കാരെ കയറ്റാതെ സ്വകാര്യ ബസിന് മുന്പിൽ പോയെന്നാണ് പരാതി. കഴിഞ്ഞ 17ന് രാവിലെ ഇളങ്ങുളം പള്ളിപ്പടി സ്റ്റോപ്പിൽ 8.50നാണിത്. പിന്നാലെ മറ്റൊരു ബസിൽ പൊൻകുന്നം സ്റ്റാൻഡിലെത്തിയ യാത്രക്കാരൻ ബസിലെ വനി താ കണ്ടക് ടറോട് പരാതി പറഞ്ഞിരുന്നു.
നിർത്താതെ പോയ ബസിന്റെ പിന്നാലെ വന്ന ബസിന്റെ ടിക്കറ്റിന്റെ പകർപ്പ്, നിർത്താതെ പോയ ബസിന്റെ നന്പർപ്ലേറ്റിന്റെ ഫോട്ടോ, വിസിറ്റിംഗ് കാർഡ് എന്നിവയ്ക്കൊപ്പമാണ് വനിതാ കണ്ടക്ടറുടെ ചിത്രത്തിന്റെ ഫോട്ടോ പകർപ്പും പരാതിക്കൊപ്പം നൽകിയത്.
കണ്ടക്ടറുടെ ചിത്രം അനുവാദമില്ലാതെ എടുത്ത് പ്രചരിപ്പിച്ചതിന് യാത്രക്കാരന് എതിരേ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്നും നിയമ നടപടികളുമായി മുന്പോട്ടു പോകുമെന്നും കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കെ.എസ്. സജീവ് പറഞ്ഞു. പിഎസ്സി വഴി ആദ്യ നിയമനം ലഭിച്ച വയനാട് സ്വദേശിനി കഴിഞ്ഞ ദിവസമാണ് ജോലിക്ക് എത്തിയതെന്നും റൂട്ടിലെ സ്ഥലങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ പഠിച്ചുവരുന്നതേയുള്ളൂ വെന്നും കെ.എസ്. സജീവ് പറഞ്ഞു.