തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് ആക്രമിക്കാനൊരുങ്ങിയ ഹർത്താൽ അനുകൂലികളെ വിറപ്പിച്ച് തമിഴ്നാട് പോലീസ് എസ്ഐ. കേരള-തമിഴ്നാട് അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിലായിരുന്നു സംഭവം.
സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് തകർക്കുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷധക്കാരോട് ‘ആന്പിളയാറ്ന്താ വണ്ടിയെ തൊട്രാ, പാക്കലാം’ (ധൈര്യമുണ്ടെങ്കിൽ വണ്ടിയെ തൊടടാ, കാണാം) എന്ന സിനിമാ സ്റ്റൈൽ ഡയലോഗുമായി കളിയിക്കാവിള എസ്ഐ മോഹന അയ്യർ നിലയുറപ്പിക്കുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ ഒറ്റയ്ക്കാണ് എസ്ഐ നേരിട്ടത്. നെഞ്ചുവിരിച്ച് എസ്ഐ നിന്നതോടെ വാഹനം കടത്തിവിടാൻ പ്രതിഷേധക്കാർ തയ്യാറായി.
പിന്നാലെ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടു കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. 1000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.