കട്ടപ്പന: ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കെ എസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഒന്‍പതുപേർക്കു പരിക്ക്. ഒരാളുടെ പരിക്ക് ഗരുതരമാണ്. ഇന്നലെ രാവിലെ എട്ടോടെ വാഴവരയിലായിരുന്നു അപകടം.
നിലന്പൂർ കുന്നിൽ ജിനി അനീഷ് (39), ജമ്മുവിലെ കരസേനാ സിഗ്നൽ ജവാൻ നിർമലാസിറ്റി ഓലാനിക്കൽ കിരണ്‍ സുരേഷ് ബാബു (29), പാന്പാടുംപാറ മുന്നുപ്ലാക്കൽ സുൾഫിക്കർ ബഷീർ (39), നെല്ലിമറ്റം കളങ്ങരപറന്പിൽ ജോബിച്ചൻ (52), തൂക്കുപാലം കൊന്നക്കൽ ഉണ്ണികൃഷ്ണൻ (39), ആമയാർ ഒസിഡി ആശ്രമം സുപ്പീരിയർ ഫാ. അഗസ്റ്റിൻ (53), ഉപ്പുതറ പരപ്പ് തയ്യിൽ ജോസഫ് കുര്യൻ 57), ബസ് കണ്ടക്ടർ രഞ്ജിത്ത് (41), ബൈക്ക് യാത്രികൻ കാൽവരിമൗണ്ട് കണ്ടത്തിപറന്പിൽ കെ.ജെ. ബിനു (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെറ്റിയിൽ സാരമായി പരിക്കേറ്റ കരസേനാ സിഗ്നൽ ജവാൻ കിരണ്‍ സുരേഷ് ബാബുവിനെ വിദഗ്ധ ചികിത്സക്കായി തിരുവല്ലയിലെ ആശുപത്രിയിലേക്കു മാറ്റി. എതിരേവന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. ഇതോടെ നിയന്ത്രണംവിട്ട് ബസ് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞെങ്കിലും യാത്രക്കാരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
കിരണ്‍ അവധികഴിഞ്ഞ് ജമ്മുവിലേക്ക് വിമാനത്തിൽ മടങ്ങാൻ നെടുന്പാശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്നു. നിർമലാസിറ്റി ബസ് സ്റ്റേപ്പിൽനിന്ന് ബസിൽകയറി നിമിഷങ്ങൾക്കുള്ളിലാണ് അപകടം സംഭവിച്ചത്.