വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തിട്ടയിലിടിച്ച് ഇരുപത്തിയഞ്ച് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 6.45 ന് തേക്കട ജംഗ്ഷന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ വെട്ടുപാറ സ്വദേശി ഗോമതി (66) തേക്കട സ്വദേശി സരോജിനി (65), മൂന്നാനക്കുഴി സ്വദേശികളായ, പ്രസന്ന (50), കാർത്തിക (50), ഷീല (42)രേഷ്ന (19), ജിമ്മി (73), യമുന (42) സുനില (48), ബീന (40), പനവൂർ സ്വദേശി ഫൗസിയ (15), മഞ്ഞപ്പാറ സ്വദേശി ലീല (40), ചീരാണിക്കര സ്വദേശികളായ മഞ്ജു (37) ഷൈലജ (52), ശ്രീലക്ഷമി(19), ഹാജിറ ( 14) ,ഷൈലജ (52), നിർമ്മല (47), വിദ്യാധരൻ (60), ലതിക (36), ശിവദാസൻ (73), വസന്ത (70), കന്യാകുളങ്ങര സ്വദേശി ശ്രീധരൻപിള്ള (80), കൊഞ്ചിറ സ്വദേശി ആരിഫബീവി (62), തലയിൽ സ്വദേശി ഓമന അമ്മ (65)എന്നിവർക്കാണ് പരിക്കേറ്റത്.
തേക്കട ജംഗ്ഷനിലേയ്ക്കുള്ളകുത്തിറക്കം ഇറങ്ങുന്നതിനിടെ ബസ് നിയന്ത്രണം വിട്ടെന്ന് മനസിലാക്കിയ ഡ്രൈവർ ബി.എസ്.വിനോദ് സമീപത്തെ കുഴിയിലേയ്ക്ക് മറിയാതെ റോഡരികിലെ തിട്ടയിൽ ഇടിച്ച് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
നെടുമങ്ങാട്ടു നിന്നും ചീരാണിക്കര വഴി കന്യാകുളങ്ങരയിലേയ്ക്ക് വരുകയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടം ഉണ്ടാകാൻ കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വട്ടപ്പാറ എസ്ഐ അശ്വനിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.