അതിരപ്പിള്ളി: കെഎസ്ആർടിസി ബസുകൾക്ക് അള്ള് വച്ച സംഭവത്തിൽ സ്വകാര്യ ബസുടമയടക്കം രണ്ട് പേരെ മലക്കപ്പാറ പോലീസ് അറസ്റ്റ് ചെയ്തു.
മലക്കപ്പാറയിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്ക് അള്ള് വച്ച മലക്കപ്പാറ സ്വദേശി പ്രദീപ് (23), ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുടമ വെട്ടിക്കുഴി വാകപ്പറന്പിൽ ജേക്കബ് (57) എന്നിവരെയാണ് എസ്.ഐ. ടി.ബി. മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളും ചാലക്കുടി വാൽപ്പാറ സ്വകാര്യ ബസുകളും തമ്മിൽ സമയക്രമത്തെ ചൊല്ലി നേരത്തെ തർക്കം നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയാണോ അള്ള് വച്ച് ടയർ പഞ്ചറാക്കൽ എന്ന് സംശയമുണ്ടായിരുന്നു. ഈയിടെ ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ മലക്കപ്പാറയിൽ പാർക്ക് ചെയ്ത ശേഷം വീണ്ടും ചാലക്കുടിയിലേക്ക് സർവീസ് തുടങ്ങുന്പോൾ പഞ്ചറാകുകയായിരുന്നു.
രണ്ടാഴ്ച്ചക്കുള്ളിൽ നാല് വട്ടമാണ് ബസുകൾ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയത്. പ്ലാസ്റ്റിക്ക് കുപ്പിയുടെ അടപ്പുകളിൽ ആണികൾ വച്ചുണ്ടാക്കിയ അള്ളുകൾ കയറിയാണ് എല്ലാ തവണയും ടയറുകൾ പഞ്ചറായിരുന്നത്.
ഇത് മനപൂർവ്വമാണെന്ന് ബോധ്യപ്പെട്ടതോടെ ചാലക്കുടി കെഎസ്ആർടിസി അധികൃതർ പോലീസിൽ പരാതി നല്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബസിന് അള്ളു വച്ച പ്രദീപ് അറസ്റ്റിലായത്.
തമിഴ്നാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ സിസിടിവി ക്യാമറിയിലെ ദൃശ്യങ്ങളിൽ പ്രതി പ്രദീപ് ബസിന് സമീപം നടക്കുന്നതായി കാണുന്നുണ്ട്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രദീപ് കുറ്റം സമ്മതിച്ചു.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുടമ ജേക്കബ് പണം നൽകാമെന്ന് പറഞ്ഞതിനാലാണ് അള്ള് വച്ചതെന്ന് പ്രദീപ് സമ്മതിച്ചു. ഇതെ തുടർന്നാണ്് ജേക്കബ്ബിനെ അറസ്റ്റ് ചെയ്തത്.
മലക്കപ്പാറ എഎസ്ഐ എ.എം. അബ്ദുൾ ഖാദർ, ഇന്റലിജന്റ്സ് എ.എസ്.ഐ. യു.പി. ഷിബു,സിവിൽ പോലീസ് ഓഫീസർ കെ.സി. നാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.