പൊൻകുന്നം: തന്പലക്കാട് എൻഎസ്എസ് യുപി സ്കൂൾ അധ്യാപകൻ അഖിൽ എസ്. നായർ തന്റെ വിവാഹയാത്രയ്ക്കു തെരഞ്ഞെടുക്കുന്നത് ട്രാൻസ്പോർട്ട് ബസുകൾ.
നാളെ നടക്കുന്ന വിവാഹത്തിനായി പൊൻകുന്നം ഡിപ്പോയിലെ നാലു ബസുകളാണ് അഖിൽ ബുക്ക് ചെയ്തത്. ഓരോ ബസിനും 9600 രൂപ വീതമാണ് നിരക്ക്.
ചിറക്കടവ് ചിറയ്ക്കൽ പുതുവയൽ ശിവദാസൻ നായരുടെയും മായാദേവിയുടെയും മകൻ അഖിൽ എസ്. നായരും അന്തീനാട് പൊട്ടനാനിക്കൽ സുദർശനൻ നായരുടെയും രമാദേവിയുടെയും മകൾ സുചിത്രയും തമ്മിലുള്ള വിവാഹം നാളെ അന്തീനാട് ക്ഷേത്രത്തിലാണ് നടക്കുന്നത്.
ചിറക്കടവിൽനിന്ന് ബന്ധുക്കളെല്ലാം യാത്ര തിരിക്കുന്നത് ട്രാൻസ്പോർട്ട് ബസുകളിലാവും.
അഖിലിന് ഏറ്റവും പ്രിയപ്പെട്ട ആർഎൻസി 816 ബസിലാവും വധൂവരന്മാരുടെ മടക്കയാത്ര. ചെങ്ങന്നൂർ തന്ത്രവിദ്യാപീഠത്തിൽ വിദ്യാർഥിയായിരിക്കേ സ്ഥിരംയാത്ര ഈ ബസിലായിരുന്നു.
അതിനാൽ ആ ബസിനോട് ഏറെ ഇഷ്ടമുണ്ട്. തന്പലക്കാട് സ്കൂളിൽ നിയമനം കിട്ടിയതും ഈ ബസിലെ യാത്രാകാലയളവിലാണെന്നതും ഇഷ്ടം കൂട്ടി.
പാലാ ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളജിൽ നിന്ന് ടിടിസിയും തിരുപ്പതി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും നേടിയതിന് ശേഷം ചിറക്കടവ് യുപി സ്കൂൾ, പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
പിന്നീടാണ് തന്പലക്കാട് സ്കൂളിൽ അധ്യാപകനായത്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ അക്കാഡമിക് സംസ്കൃത കൗണ്‍സിൽ സെക്രട്ടറിയും ദേവസ്വം ബോർഡ് മതപാഠശാല കോ-ഓർഡിനേറ്ററുമാണിദ്ദേഹം.