കണ്ണൂർ: കർക്കിടക മാസത്തിൽ തൃപ്രയാർ ശ്രീമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം, തിരുമൂഴിക്കുളം, പയമ്മൽ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തുക എന്നത് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യമാണ്.
അതുകൊണ്ട് തന്നെ കർക്കിടക മാസങ്ങളിൽ നാലന്പല ദർശനത്തിനെത്തുന്നവരുടെ തിരക്കും കൂടുതലാണ്.
കോവിഡ് കാലത്തിനു ശേഷമായത് കൊണ്ട് തന്നെ ഇത്തവണ പതിവിലും തിരക്കാണ്. എന്നാൽ ദർശനത്തിനെത്തുന്ന ഭക്തരെ രണ്ടു തട്ടിലാക്കിയാണ് ക്ഷേത്രങ്ങളിൽ ദർശന സൗകര്യമൊരുക്കുന്നതെന്ന് ആരോപണം.
നാലന്പല ദർശനത്തിനായി കെഎസ്ആർടിസി നടത്തുന്ന പാക്കേജ് തീർഥാടനത്തിനെത്തുന്നവർക്ക് പ്രഥമ പരിഗണന നൽകുന്നതായാണ് ആരോപണം.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള ആയിരങ്ങൾ ക്ഷേത്രങ്ങൾക്കു മുന്നിൽ ദർശനത്തിനായി ക്യൂ നിൽക്കുന്പോൾ കെഎസ്ആർടി തീർഥാന പാക്കേജിലെത്തുന്ന ഭക്തരെ മറ്റുള്ളവരെ മറികടന്ന് ക്ഷേത്രങ്ങളിലേക്ക് കടത്തി വിടുകയാണ്.
കെഎസ്ആർടിസിയിലെത്തുന്ന ഭക്തർക്ക് അധികൃതർ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകുന്നുണ്ട്. ഇത് കഴുത്തിലണിഞ്ഞ് വരുന്നവരെയാണ് ഒരു മാനദണ്ഡവുമില്ലാതെ കടത്തി വിടുന്നത്.
ഒരു ദിവസം ഉച്ചയ്ക്ക് മുന്പായി നാല് അന്പലങ്ങളിലും ദർശനം നടത്തി കഴിയണമെന്നാണ് വിശ്വസം.
ക്യൂവിൽ നിൽക്കുന്നവരെ മറി കടന്ന് പാക്കേജ് സംവിധാനത്തിൽ വരുന്നവരെ ആദ്യം കടത്തി വിടുന്നതു കാരണം പലർക്കും ഉച്ചയ്ക്ക് മുന്പ് നാലന്പല ദർശനം നടത്താൻ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഭക്തരെ രണ്ടു തട്ടിലാക്കുന്ന ഈ രീതി അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. നാലന്പത്തിൽ ഉൾപ്പെടുന്ന ഒരു ക്ഷേത്രത്തിൽ നടത്തുന്ന അന്നദാനത്തിലേക്ക് സംഭാവന ചെയ്യുന്നവർക്ക് കൃത്യമായ രസീത് നൽകുന്നില്ലെന്നും പരാതിയുണ്ട്.
അന്നദാന ഹാളിനോട് ചേർന്നാണ് സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടർ പ്രവർത്തിക്കുന്നത്.
അന്നദാനം കഴിഞ്ഞിറങ്ങുന്നവർക്ക് അന്നദാനത്തിനായി സംഭാവന ചെയ്യാനുള്ള അഭ്യർഥന നടത്തിക്കൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്യുന്നുണ്ട്.
ഇതു പ്രകാരം സംഭാവന ചെയ്യുന്നുണ്ടെങ്കിലും പണം സ്വീകരിക്കുന്നതല്ലാതെ രസീത് നൽകാറില്ലെന്നാണ് ഗുരുതരമായ മറ്റൊരാരാപണം.
കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഒരു ഭക്തൻ പണം നൽകി രസീതിനാവശ്യപ്പെട്ടപ്പോൾ ഏറെ നേരത്തിന് ശേഷമാണ് രസീത് നൽകിയത്. രസീത് നൽകാതെ പണം സ്വീകരിച്ച് വെട്ടിപ്പ് നടത്തുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.