കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിനെതിരേയും നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും മറ്റും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ ഖജനാവിന് നഷ്ടമായത് നാല് കോടി!
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മുതല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ 100 ദിവസം പിന്നിടുന്നതുവരെയുള്ള കാലയളവിലാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധത്തിനിടെ ഇത്രയും വലിയ നഷ്ടം സംഭവിച്ചത്.
4,01,34,242 രൂപയാണ് സമരങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ വിരുദ്ധര്‍ നശിപ്പിച്ച പൊതുമുതലിന്റെ ആകെ മൂല്യം.
സമരങ്ങളുമായി ബന്ധപ്പെട്ട് 7,318 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മാത്രം 838 കേസുകളാണുള്ളത്.
ഈ കേസുകളില്‍ നിലവിലെ നിയമസഭാംഗമായ ടി. സിദ്ദിഖ്, മുന്‍ നിയമസഭാംഗങ്ങളായ ശബരീനാഥ്, എല്‍ദോ ഏബ്രഹാം, പി.കെ. അബ്ദുറബ് എന്നിവരുള്‍പ്പെടെ 4,470 പേര് പ്രതികളാണ്.
ശിക്ഷിക്കപ്പെട്ടവരാകട്ടെ 85 പേര് മാത്രം! വടകര എംഎല്‍എ കെ.കെ. രമയ്ക്ക് ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ സര്‍ക്കാരിനു നഷ്ടമായ തുക സംബന്ധിച്ചു വ്യക്തമാക്കിയത്.
നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനിടെയാണ് കെ.കെ. രമ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്.
പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ തന്നെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമോയെന്നാണ് കെ.കെ.രമയുടെ ചോദ്യം.
2017 ലാണ് ഏറ്റവും കൂടുതല്‍ പൊതുമുതല്‍ നശിപ്പിച്ചത്. 2,04,07,223 രൂപയാണ് ഈ വര്‍ഷം മാത്രം സര്‍ക്കാരിന് നഷ്ടപ്പെട്ടത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ 2016 ല്‍ 31,82,632 രൂപയാണ് നശിപ്പിച്ച പൊതുമുതലിന്റെ മുല്യം.
2018 ല്‍ 71,60,749 രൂപയും ഖജനാവിന് നഷ്ടമായി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സമരങ്ങളുള്‍പ്പെടെ നടന്ന 2019 ല്‍ 67,08,246 രൂപ മൂല്യമുള്ള പൊതുമുതലുകളാണ് നശിപ്പിച്ചതെന്നാണ് ഔദ്യോഗിക രേഖ.
നയതന്ത്ര കേസുള്‍പ്പെടെ വിവാദമായതിന് പിന്നാലെ സര്‍ക്കാരിനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ കൂടുതലായി രംഗത്തിറങ്ങിയ 2020 ല്‍ 17,24,762 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്.
ഈ വര്‍ഷം ഓഗസ്റ്റ് ആദ്യവാരം വരെ 9,50,630 രൂപയുടെ പൊതുമുതലും സര്‍ക്കാര്‍ വിരുദ്ധര്‍ നശിപ്പിച്ചിട്ടുണ്ട്.
കെ. ഷിന്റുലാല്‍