കോട്ടയം: നാളെ ഇങ്ങനെയൊരു തലക്കെട്ടു കണ്ടാൽ ആരും അദ്ഭുതപ്പെടേണ്ട. നമ്മുടെ ഗ്രാമത്തിലെ ഇടവഴികളിലൂടെ ഇങ്ങനെയുള്ള ബോർഡുകളുമായി ഇനി നമ്മുടെ സ്വന്തം ആനവണ്ടികൾ ചീറിപ്പാഞ്ഞു പോയേക്കാം.
ബസ് സർവീസ് രംഗത്തു ഇതുവരെയില്ലാത്ത പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് കെഎസ്ആർടിസി.
സംഭവം വിജയിച്ചാൽ സാന്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കെഎസ്ആർടിസിക്ക് അതൊരു ജീവശ്വാസമായിരിക്കും.
മാത്രമല്ല കെഎസ്ആർടിസി കൂടുതൽ ജനകീയമാവുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലബുകൾ, സ്വകാര്യ വ്യക്തികൾ, സംഘടനകള എന്നിവ ഇന്ധനച്ചെലവ് വഹിക്കുന്ന രീതിയിൽ ഗ്രാമവണ്ടികൾ രംഗത്തിറക്കാനാണ് ഗതാഗത മന്ത്രി ആന്റണി രാജു മുന്നോട്ടുവച്ചിരിക്കുന്ന പുതിയ പദ്ധതി.
പഞ്ചായത്തുകളിലൂടെയാവും സർവീസ്. പ്രതിദിനം 150 കിലോമീറ്റർ ഓടും. ഒരു പഞ്ചായത്തിനോ രണ്ടു പഞ്ചായത്ത് ചേർന്നോ ഇന്ധനച്ചെലവ് വഹിക്കാം.
സ്പോൺസറുടെ പേര് വണ്ടിയിൽ പ്രദർശിപ്പിക്കും. എംഎൽഎമാർ നിർദേശിക്കുന്ന പാതകൾക്കു മുൻഗണന നൽകും. എംഎൽഎമാരുടെ ആസ്തിവികസന ഫണ്ടിൽ പദ്ധതിക്കു പരിഗണന നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഇതുവഴി ഇന്ധനച്ചെലവ് എന്ന ഭാരിച്ച ബാധ്യത കെഎസ്ആർടിസിയിൽനിന്ന് ഒഴിവാകുമെന്നതു മാത്രമല്ല ഗതാഗത സൗകര്യമില്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിലേക്കു വരെ കെഎസ്ആർടിസി സർവീസ് എത്താൻ സാധ്യത തെളിയും.
വ്യക്തികൾക്കു പിറന്നാൾ, വിവാഹവാർഷികം, ചരമവാർഷികം തുടങ്ങിയ ചടങ്ങുകളുടെ ഭാഗമായും വണ്ടികൾ സ്പോൺസർ ചെയ്യാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ആർടിസിയുമായി ഒരു വർഷത്തെ കരാറിൽ ഏർപ്പെടണം.
പ്രതിദിനം 150 കിലോമീറ്റർ എങ്കിലും ഓടിയാലേ നഷ്ടമില്ലാതെ പദ്ധതി മുന്നോട്ടുപോകൂ. അതുകൊണ്ട് ഒരു പഞ്ചായത്തിൽ അത്രയും ദൂരം ഓടാൻ പാതയില്ലെങ്കിൽ രണ്ടു പഞ്ചായത്തുകൾ ചേർന്നു സ്പോൺസർ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
18-32 സീറ്റുകളുള്ള ബസുകളായിരിക്കും സർവീസിന് ഉപയോഗിക്കുക. ഗ്രാമവണ്ടികൾ എത്തുന്നതോടെ സ്വകാര്യ സമാന്തര സർവീസുകൾക്കും തടയിടാനാകും.
സ്കൂളുകൾക്കായി സർവീസിനു ബസ് വിട്ടുനൽകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ആവശ്യമെങ്കിൽ സ്വകാര്യ വാഹനങ്ങൾ പാട്ടത്തിന് എടുക്കും.