കോട്ടയം: വീട്ടിലേക്ക് പോകുന്നതിനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയാൽ ബസിൽ കയറുന്നതോടൊപ്പം ഇനി ഇറച്ചിയും വാങ്ങി പോകാം.
കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ആണ് മീറ്റ് സ്റ്റാൾ ആരംഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മീറ്റ് പ്രൊഡക്റ്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് സ്റ്റാൾ തുടങ്ങുന്നത്.
കോട്ടയത്തിനു പുറമേ പത്തനംതിട്ട, തിരുവനന്തപുരം, കൊട്ടാരക്കര, കണ്ണൂർ, തൃശൂർ, കൊല്ലം ഡിപ്പോകളിലും ആദ്യഘട്ടത്തിൽ സ്റ്റാളുകൾ തുടങ്ങുന്നുണ്ട്.
ഇതിനായി സ്റ്റേഷനുകളിൽ 150 ചതുരശ്രയടി വീതം സ്ഥലം നൽകാൻ കെഎസ് ആർടിസി അനുമതി നൽകിയിട്ടുണ്ട്.
സ്റ്റാൾ തുടങ്ങുന്നതിനൊപ്പം ശുദ്ധമായ ഇറച്ചി ഉത്പന്നങ്ങൾ ഭക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണ പരിപാടിയും മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ സ്റ്റാൾ വഴി ആസൂത്രണം ചെയ്യുന്നുണ്ട്.
ഇതിന്റെ ഭാഗമായി റോഡ് ഷോ, വിദ്യാർഥികൾ, വീട്ടമ്മമാർ, കശാപ്പു ജോലിയിലുള്ളവർ എന്നിവർക്ക് ബോധവത്കരണം, പരസ്യപ്രചാരണം എന്നിവയും ഉണ്ടാകും.
കോട്ടയം ഡിപ്പോയിൽ ഇപ്പോൾ നവീകരണപ്രവർത്തനങ്ങൾ നടന്നു വരികയാണ്. പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുകയാണ്.
ഇതിനൊപ്പം പുതിയ കെട്ടിടം പണിയും അവസാനഘട്ടത്തിലാണ്. പുതിയ കെട്ടിടത്തിലായിരിക്കും സ്റ്റാൾ ആരംഭിക്കുക.
നേരത്തെ പഴയ ബസുകൾ വിവിധ ആവശ്യങ്ങൾക്കു നൽകുന്നതിന്റെ ഭാഗമായി മിൽമയ്ക്ക് ഒരു ബസ് കോട്ടയത്ത് നൽകിയിരുന്നു. ഇവരുടെ സ്റ്റാളും കോഫി ഹൗസും ഡിപ്പോ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തുടങ്ങാനായിട്ടില്ല.