പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ലോക് ഡൗൺപ്രഖ്യാപിക്കുകയും കോവിഡ് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വെട്ടിക്കുറച്ച കെ എസ് ആർ ടി സി സർവീസുകൾ പൂർണ്ണമായും പുനരാരംഭിക്കുന്നു.
പ്രവർത്തനം പൂർണ്ണമായി ക്രമീകരിക്കാനും ജീവനക്കാരുടെ ഹാജർ നില 100 ശതമാനമാക്കാനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരൻ ഉത്തരവിറക്കി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിശ്ചയിച്ചിരുന്ന 50 ശതമാനം ഹാജർ എന്ന വ്യവസ്ഥ ഒഴിവാക്കി. ജോലിയുടെ സ്വഭാവത്തിന് അനുസൃതമായിട്ടുള്ള ഇളവുകളാണ് പിൻവലിച്ചത്.
വിവിധ ഇളവുകൾ അനുവദിച്ചിട്ടുള്ള ജീവനക്കാരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികളിൽ നിന്നും ഒഴിവാക്കാൻ പരമാവധി ശ്രമിക്കണമെന്നും യൂണിറ്റ് അധികൃതർക്ക് നിർദ്ദേശം നല്കി. ഇത്തരം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.
സർവീസുകൾ പൂർണ്ണമായി ക്രമീകരിക്കുന്നതിനാൽ കണ്ടക്ടർ ഡ്രൈവർ വിഭാഗം ജീവനക്കാർ നിർദ്ദിഷ്ട ഷെഡ്യൂൾ പ്രകാരം ജോലിക്ക് ഹാജരാകണം.
ഷെഡ്യൂൾ മുടങ്ങുകയോ ഡ്യൂട്ടിക്ക് അയയ്ക്കാൻ കഴിയാതെ വരികയും ചെയ്താൽ മാത്രം ഇവർക്ക് സ്റ്റാന്റ് – ബൈ അനുവദിക്കാവൂ.
ഹാജരായ ജീവനക്കാരെ ഡ്യൂട്ടിക്ക് അയയ്ക്കാൻ കഴിയാതെ വരികയാണെങ്കിൽ, ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഫിസിക്കൽ ഡ്യൂട്ടിക്ക് ഹാജരായാൽ മാത്രമേ സ്റ്റാന്റ് – ബൈ ഹാജർ നല്കാൻ അനുവാദമുള്ളു.
ശനി, ഞായർ ദിവസങ്ങളിൽ ലോക് ഡൗൺ തുടർന്നാൽ പുതിയ ഉത്തരവിലെ നിർദ്ദേശപ്രകാരം സ്റ്റാന്റ് – ബൈ അനുവദിക്കാവുന്നതാണ്.