വിഴിഞ്ഞം: ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർക്ക് നേരെ സ്കൂൾ വിദ്യാർഥികളുടെ ആക്രമണം.തടയാൻ ശ്രമിച്ച കണ്ടക്ടർക്ക് മർദനമേറ്റു.
നിയന്ത്രണം വിട്ട് ബസ് അൻപത് മീറ്ററോളം പിന്നിലേക്ക് ഉരുണ്ട് മതിലിടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി.ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം .
മർദനത്തിൽ കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ ഡ്രൈവർ രാജദാസിന്റെ വലുത് കൈയ്ക്ക് പൊട്ടലേറ്റു. കണ്ടക്ടർ മധു സുദനൻനായരുടെ തോളെല്ലിന് പരിക്കേറ്റു.
പരിക്കേറ്റ ഇരുവരും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നെല്ലിമൂട്ടിലെ സ്കൂളിലെ പത്താംക്ലാസിൽ പഠിക്കുന്ന അഞ്ച് വിദ്യാർഥികളാണ് അക്രമിച്ചതെന്ന് ബസിലെ ജീവനക്കാർ പറയുന്നു.
തിരുവനന്തപുരത്ത് നിന്ന് കാഞ്ഞിരംകുളം വഴി പൂവാറിലേക്ക് വരികയായിരുന്നു ബസിനുനേരെയാണ് ആക്രമണമുണ്ടായത്.
ബാലരാമപുരം ജംഗ്ഷനിൽ നിന്ന് കയറിയ വിദ്യാർഥികൾ ബസിനുള്ളിൽ ബഹളം വച്ചും ബെല്ലടിച്ചും ശല്ല്യം ചെയ്തതായും അവണാകുഴിയിൽ ബസ് നിറുത്തിയ ശേഷം വിദ്യാർഥികളോട് ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടതാണ് സംഘത്തെ ചൊടിപ്പിച്ചതെന്ന് പറയപ്പെടുന്നു. സീറ്റുകളിൽ ഇരിക്കാൻ കൂട്ടാക്കാത്ത വിദ്യാർഥി സംഘം ഡ്രൈവറിനെ അസഭ്യം പറഞ്ഞു.
തുടർന്ന് നെല്ലിമൂട്ടിൽ എത്തിയതോടെ ബസിന്റെ ഒാട്ടോമാറ്റിക്ക് ഡോർ തുടക്കാൻ താമസിച്ചതിൽ പ്രകോപിതരായ സംഘം ഡ്രൈവറുടെ കഴുത്തിന് ചവിട്ടിയ ശേഷം വളഞ്ഞിട്ട് മർദിച്ചതായാണ് പരാതി.
തടയാൻ വന്ന കണ്ടക്ടറെ പിടിച്ച് തള്ളിയിട്ടു.ഇതോടെ നിയന്ത്രണം വിട്ട ബസ് പിന്നിലേക്ക് ഉരുണ്ട് സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് നിന്നു.
പിന്നിൽ നിന്നും മറ്റു വാഹനങ്ങളൊന്നും വരാതിരുന്നതുകാരണം വൻ അപകം ഒഴിവായി. വിദ്യാർഥികളോട് ഡ്രൈവർ മോശമായി പെരുമാറിയെന്നാണ് സ്കൂൾ അധികൃതരുടെ വാദം.