കൊച്ചി: ഓണത്തിനു മുന്പെങ്കിലും ബോണസും ശന്പളവും തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടി ജീവനക്കാർ.
ഇന്നലെ കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനുള്ള ബോണസും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശന്പളവും നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർ പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അഭിപ്രായപ്പെട്ട കോടതി ഇതിനായി 103 കോടി രൂപ സെപ്റ്റംബർ ഒന്നിന് മുന്പ് സർക്കാർ കൈമാറണമെന്ന് നിർദ്ദേശം നൽകി.
കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളം വൈകുന്നതിനെതിരായ ഒരു കൂട്ടം ജീവനക്കാർ നൽകിയ ഹർജികളിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഈ നിർദ്ദേശങ്ങൾ നൽകിയത്.
ശന്പളവിതരണത്തിനായി നൽകുന്ന തുക പിന്നീടു കഐസ്ആർടിസിയുടെ ആസ്തി വകകളിൽ നിന്ന് സർക്കാരിന് തിരിച്ചു പിടിക്കാനാവുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ബോണസ് നൽകാൻ വേണ്ടത് മൂന്നു കോടി രൂപ
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശന്പള വിതരണത്തിനായി 103 കോടിരൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ബോണസ് നൽകാനായി മാത്രം മൂന്നു കോടി രൂപ വേണമെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.
ധനകാര്യ വകുപ്പിന്റെ എതിർപ്പു കാരണമാണ് പണം നൽകാനാവാത്തതെന്നും വ്യക്തമാക്കി. എന്നാൽ ഇവയെല്ലാം സർക്കാർ വകുപ്പുകൾ തന്നെയല്ലേയെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചു.
കെഎസ്ആർടിസിയിലെ സിംഗിൾ ഡ്യൂട്ടിയുടെ കാര്യത്തിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ മൂന്നു തവണ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ലെന്നും സർക്കാർ വിശദീകരിച്ചു.
ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നിരിക്കെ എന്തിനാണ് ചർച്ചയെന്ന് കോടതി ചോദിച്ചു.
നടപടികളില്ലാത്തതാണ് പ്രശ്നം
കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടികളില്ലാത്തതാണ് പ്രശ്നം. സർക്കാരിന്റ സംരക്ഷണം ലഭിക്കുന്ന സാഹചര്യത്തിൽ നിന്ന് മാറണം.
ഏതു പൊതുമേഖലാ സ്ഥാപനത്തിനാണ് ഇത്രയും ആസ്തി വകകൾ ഉള്ളത് കണ്ണായ സ്ഥലങ്ങളിലെല്ലാം കെഎസ്ആർടിസിക്ക് ഭൂമിയുണ്ട്.
എന്നിട്ടെന്തു കാര്യം എറണാകുളത്തെ കെഎസ്ആർടിസി സ്റ്റാൻഡിന്റെ സ്ഥിതി കണ്ടില്ലേയെന്നും സിംഗിൾബെഞ്ച് ചോദിച്ചു.
കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കാനായി 250 കോടി രൂപയുടെ സഹായം കൂടി തേടിയിട്ടുണ്ടെന്നും ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ച് ആസ്തി ബാദ്ധ്യതകൾ വിലയിരുത്താനുള്ള ഓഡിറ്റിംഗ് നടപടികൾ തുടങ്ങിയെന്നും സർക്കാർ വിശദീകരിച്ചു.ഹർജികൾ സെപ്റ്റംബർ ഒന്നിനു വീണ്ടും പരിഗണിക്കും.
ഇതിനിടെ സിംഗിൾ ഡ്യൂട്ടിയെന്ന ആവശ്യം തൊഴിലാളി യൂണിയനുകൾ അംഗീകരിക്കാതെ സർക്കാരിൽ നിന്ന് സഹായം ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സത്യവാങ്മൂലം നൽകി.
സർക്കാരിന്റെ സഹായമില്ലാതെ ശന്പളം നൽകാനാവില്ല. എന്നാൽ ദിവസവേതനക്കാരുടെ ശന്പളം നൽകിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.