കെഎസ്ആര്‍ടിസി ബസുകള്‍ ഇനി നമ്പരുകളില്‍ അറിയപ്പെടും. പ്രധാന നഗരങ്ങളിലെ ബസുകളുടെ മാതൃകയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഡെസ്റ്റിനേഷന്‍ നമ്പരുകള്‍ നല്‍കാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു. ബസിന്റെ ലക്ഷ്യസ്ഥാനം ഏതാണോ, അവിടത്തെ കോഡ് നമ്പറാണ് ബസിന് നല്‍കുന്നത്.
കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള ബസാണെങ്കില്‍, തൃശൂരിന്റെ ചുരുക്കമായ TS ഉം കോഡായ എട്ടുംചേര്ത്ത് TS എട്ട് എന്നായിരിക്കും ഡെസ്റ്റിനേഷന്‍ നമ്പര്‍. ജില്ലാ ആസ്ഥാനത്തെ ഡിപ്പോയ്ക്ക് മാത്രമല്ല, ചെറിയ ബസ് സ്റ്റാന്‍ഡുകള്‍ക്കും കോഡ് നിശ്ചയിച്ചിട്ടുണ്ട്. കോട്ടയം ടൗണ്‍ ഡിപ്പോയുടെ കോഡ് അഞ്ചാണ്. ജില്ലാ കോഡ് KT. മറ്റു ജില്ലകളില്‍ നിന്ന് കോട്ടയം ഡിപ്പോയില്‍ അവസാനിക്കുന്ന ബസുകളുടെ നമ്പര്‍ കെടി അഞ്ച് എന്നായിരിക്കും.
കേരളത്തിലുളള ഇതരസംസ്ഥാനക്കാരെ പരിഗണിച്ചാണ് നമ്പര്‍ സമ്പ്രദായം കൊണ്ടുവരുന്നത്. ബോര്‍ഡ് എഴുതുന്ന സമ്പ്രദായത്തിന് മാറ്റമൊന്നുമുണ്ടാകില്ല. ബോര്‍ഡില്‍ ഡെസ്റ്റിനേഷന്‍ നമ്പര്‍കൂടി ഉണ്ടാകും. ദീര്‍ഘദൂര ബസുകള്‍ക്കാണ് ആദ്യം നമ്പര്‍ നല്‍കുക.
കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകളില്‍ തിരുവനന്തപുരത്തിന്റെ കോഡായ TV ഒന്ന് എന്നെഴുതും. ദീർഘദൂര ബസുകളില്‍ അവസാന സ്റ്റോപ്പിന്റെ നമ്പരിനു പുറമേ, റൂട്ടിലുള്ള പ്രധാന ഡിപ്പോകളുടെ കോഡുകളും എഴുതിച്ചേര്‍ക്കും.
പ്രധാന ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മിനി സിവില്‍സ്റ്റേഷനുകള്‍ എന്നിവയ്ക്കും കോഡുകളുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിന്റെ കോഡ് 108 ആണ്. ജില്ലയില്‍ ആറ് ഡിപ്പോകള്‍ക്കും നമ്പരായി.
ചങ്ങനാശേരി 52, പൊന്‍കുന്നം 53, ഈരാറ്റുപേട്ട 54, പാലാ 55, വൈക്കം 56, എരുമേലി 59 എന്നിങ്ങനെയാണ് നമ്പരുകള്‍. ജില്ലയ്ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന ബസാണെങ്കില്‍ ഈ നമ്പര്‍ മാത്രമേ ഉള്‍പ്പെടുത്തൂ. ജില്ലയുടെ കോഡ് ഉണ്ടാകില്ല. പുറത്തുനിന്നുള്ള ബസുകള്‍ക്കാണ് ജില്ലയുടെ കോഡ്കൂടി ഉള്‍പ്പെടുത്തുക.