വാഹനം ഓടിക്കുന്പോൾ നമ്മൾ പല കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടിയതായുണ്ട്. ഓടിക്കുന്പോഴും, പാർക്ക് ചെയ്യുന്പോഴും, ആളുകളെ കയറ്റുന്നതിനിടയിലുമെല്ലാം അത്യധികം ശ്രദ്ധ വേണ്ട കാര്യമാണ്. ഡ്രൈവറുടെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പല അപകടങ്ങളും ക്ഷണിച്ച് വരുത്തുന്നു.
നടുറോഡിൽ ബസ് നിർത്തിയിട്ട് ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയാൽ എന്താകും അവസ്ഥ. ചിരിച്ച് തള്ളേണ്ട. യഥാർഥത്തിൽ നടന്ന സംഭവമാണ്. കഴിഞ്ഞദിവസം പത്തനംതിട്ട കോന്നി ജംഗ്ഷനിലാണ് കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. അപകടം പതിവായ മേഖലയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസാണ് നടുറോഡിൽ നിർത്തിയിട്ടത്.
അനധികൃത പാർക്കിംഗിനെ ചൊല്ലി സ്ഥലത്തെ ഓട്ടോ ഡ്രൈവർമാർ ബസ് ജീവനക്കാരോട് സംസാരിച്ചു. ബസ് മാറ്റി പാർക്ക് ചെയ്യണമെന്നും അവ ആവശ്യപ്പെട്ടു. എന്നാൽ ഇവർ പറഞ്ഞത് മുഖവിലയ്ക്കെടുക്കാതെ ‘തനിക്ക് വിശക്കുന്നു’ എന്ന് പറഞ്ഞ് ബസ് ഡ്രൈവർ ഹോട്ടലിലേക്ക് പോവുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.