കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നാട് സാധാരണനിലയിലേക്ക് മടങ്ങുന്നു. എന്നാൽ ഈ സാഹചര്യത്തിലും ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണക്കാർ
. പൊതുഗതാഗതം തുറന്നിട്ടുണ്ടെങ്കിലും പലർക്കും പ്രാപ്യമല്ലാത്തരീതിയിലാണ് പൊതുഗതാഗതത്തിന്റെ നടത്തിപ്പ്.
കെഎസ്ആർടിസി പരിമിതമായ സർവീസുകളാണ് നടത്തുന്നത്. അതാകട്ടെ സീറ്റിംഗ് കപ്പാസിറ്റിയിൽ മാത്രമാണ് യാത്രക്കാരെ അനുവദിക്കുന്നത്.
ബസ് വല്ലപ്പോഴും മാത്രമാണുള്ളത് എന്നതിനാൽ സ്റ്റാൻഡിൽനിന്നുതന്നെ സീറ്റുകൾ നിറയും. പിന്നീടുള്ള സ്റ്റോപ്പുകളിലൊന്നും നിർത്താതെയാണ് കെഎസ്ആർടിസിയുടെ തുടർയാത്ര.
ബസിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നതിനു കണ്ടക്ടർമാർ അനുവദിക്കുന്നുമില്ല. ഇത് പലയിടത്തും യാത്രാക്കാരും കണ്ടക്ടർമാരുമായും തർക്കത്തിനും കാരണമാകുന്നുണ്ട്.
സ്വകാര്യ ബസുകൾക്കാവട്ടെ ഒറ്റ-ഇരട്ട നന്പർ ക്രമീകരണമാണുള്ളത്. ഒരു ബസ് ഇന്ന് സർവീസ് നടത്തിയാൽ അടുത്തദിവസം അടുത്ത സീരീസ് നന്പറിലുള്ള ബസുകൾക്കാണ് അവസരം.
അതിനാൽതന്നെ ജില്ലയിൽ സ്വകാര്യ ബസുകൾ കൂടുതൽ സർവീസ് നടത്തുന്ന വടകര, പേരാന്പ്ര, മാവൂർ, ബാലുശേരി മേഖലകളിൽ യാത്രാബുദ്ധിമുട്ട് പരിധിയിലധികമാണ്.
നഗരപരിധിയിൽ സർവീസ് നടത്തുന്ന പച്ചബസുകളുടെ ഗതിയും ഇതുതന്നെ. സ്വകാര്യ വാഹനങ്ങൾ തടസമില്ലാതെ ഓടുന്പോഴാണ് പല ആവശ്യങ്ങൾക്കുമായ പുറത്തിറങ്ങുന്ന സാധാരണക്കാർ പൊതുഗതാഗതത്തിന്റെ ദൗർബല്യം കാരണം വലയുന്നത്.
ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കാത്തതും തട്ടുകടകളെ അനുവദിക്കാത്തതും സാധാരണക്കാർക്ക് തിരിച്ചടിയാണ്.
ഇതിനാൽ പലരും ആശുപത്രി കാന്റീനുകളെയാണ് ആശ്രയിക്കുന്നത്. തെരുവ് കച്ചവടവും പഴയപടിയായിട്ടില്ല.
മദ്യശാലകൾക്കുവരെ അനുമതിയുള്ളപ്പോഴാണ് തെരുവ് കച്ചവടക്കാരെ അനുവദിക്കാത്തത്. ബീച്ചുകളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാത്തതും സാധാരണക്കാർക്ക് തിരിച്ചടിയാണ്.