റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസുകളിൽ ആളൊഴിഞ്ഞതോടെ കെഎസ്ആർടിസി വൻ നഷ്ടത്തിലേക്ക്.
യാത്രക്കാർ കുറഞ്ഞതോടെ കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ പ്രതിദിനം ഒരു കോടി രൂപ മുതൽ രണ്ടു കോടി രൂപ വരെ കുറവുണ്ടായതായാണു കണക്ക്. ഒരാഴ്ചയിലേറെയായി കെഎസ്ആർടിസിയുടെ കളക്ഷൻ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.
ദിവസവും കുറയുന്നു
കഴിഞ്ഞ 10 മുതലാണ് കളക്ഷനിൽ വലിയ ഇടിവുണ്ടായത്. ആറു മുതൽ ആറരക്കോടി വരെയായിരുന്ന കളക്ഷൻ മാർച്ച് 10ന് 5.65 കോടി രൂപയായി കുറഞ്ഞു. പിന്നീടുള്ള ഓരോ ദിവസങ്ങളിലും കളക്ഷനിൽ വലിയ കുറവാണുണ്ടായത്.
11ന് അഞ്ചു കോടിയായി കുറഞ്ഞ കളക്ഷൻ 12ന് 4.41 കോടിയായും 13ന് 4.15 കോടിയായും 14ന് 3.57 കോടിയായും കുറഞ്ഞു. മാർച്ച് 15 ഞായറാഴ്ച കളക്ഷനിലും വൻ കുറവുണ്ടായി. 2.84 കോടി രൂപയായിരുന്നു കളക്ഷൻ.
യാത്രക്കാരുടെ കുറവു മൂലം 2852 ഷെഡ്യൂളുകൾ മാത്രമാണ് അന്ന് ഓപ്പറേറ്റ് ചെയ്തത്. തൊട്ടുമുൻപുള്ള ഞായറാഴ്ച ലഭിച്ച കളക്ഷൻ 4.87 കോടി രൂപയായിരുന്നു. 2.12 കോടി രൂപയുടെ വ്യത്യാസമാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ ദിവസം 4.99 കോടി രൂപയായിരുന്നു കളക്ഷൻ.
മാർച്ച് 16ന് 3.97 കോടി രൂപയും 17ന് 3.70 കോടി രൂപയുമായിരുന്നു കളക്ഷൻ. കഴിഞ്ഞ വർഷം മാർച്ച് മാസത്തെ മൂന്നാമത്തെ തിങ്കളാഴ്ചയുള്ള കണക്ക് പ്രകാരം 6.07 കോടിരൂപയായിരുന്നു ഇത്. കഴിഞ്ഞ 18ന് കളക്ഷൻ 4.59 കോടി രൂപയായി ഉയർന്നെങ്കിലും 19ന് അത് 3.09 കോടി രൂപയായും 20ന് 2.90 കോടി രൂപയായും കുറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച് മാസത്തെ മൂന്നാമത്തെ വ്യാഴാഴ്ച 5.38 കോടി രൂപയും വെള്ളിയാഴ്ച 5.35 കോടിരൂപയും കളക്ഷൻ ലഭിച്ചിരുന്നു. ഡിപ്പോകളിൽനിന്നുള്ള വരുമാനത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഏറ്റവുമധികം വരുമാനം ലഭിച്ചിരുന്ന കെഎസ്ആർടിസി തൃശൂർ ഡിപ്പോയിൽ രണ്ടര മുതൽ മൂന്നര ലക്ഷം രൂപയുടെ വരെ കുറവാണ് ഇപ്പോഴുള്ളത്.
സർവീസ് പ്രതിസന്ധി
അന്തർ സംസ്ഥാന സർവീസുകൾ പ്രതിസന്ധിയിലായതും കളക്ഷനെ ബാധിച്ചിട്ടുണ്ട്. തമിഴ്നാട് അതിർത്തിയിൽ കർശന നിയന്ത്രണമാണ് ഇപ്പോഴുള്ളത്. പാൽ, പച്ചക്കറി, പൂക്കൾ, മറ്റ് അവശ്യ സാധനങ്ങൾ തുടങ്ങിയവ കൊണ്ടുവരുന്ന വാഹനങ്ങൾ മാത്രമാണ് കേരളത്തിലേക്കു കടത്തി വിടുന്നത്.
കെഎസ്ആർടിസി ബസുകൾ അതിർത്തികളിൽ സർവീസ് അവസാനിപ്പിക്കുന്ന സാഹചര്യമാണുള്ളത്. തമിഴ്നാട്ടിൽ നിന്നുള്ള ട്രാൻസ്പോർട്ട് ബസുകൾ കേരളത്തിലേക്കു വരുന്നുമില്ല.
കോവിഡ് 19 വ്യാപനം തടയുന്നതിനായി ഇന്നു രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ നിർദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ ഒരു സർവീസും ഓപ്പറേറ്റ് ചെയ്യേണ്ടതില്ലെന്നു കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ രാത്രി ഒൻപതു മുതൽ ആരംഭിക്കേണ്ട സർവീസുകൾക്കായി കെഎസ്ആർടിസി മാനേജ്മെന്റ് പ്രത്യേക ഒരുക്കങ്ങളാണു നടത്തിയിരിക്കുന്നത്. രാത്രി സർവീസിനുള്ള സംവിധാനങ്ങൾ ഇന്നു രാവിലെ ഏഴിനുമുന്പായി പൂർത്തിയാക്കണമന്നും മാനേജ്മെന്റ് നിർദേശിച്ചിട്ടുണ്ട്.