കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍നിന്നു വനിതാകണ്ടക്ടർ ഇറക്കി വിട്ടെന്നു വൈക്കം സ്വദേശിയായ യാത്രക്കാരന്റെ പരാതി. ഇന്നലെ വൈകുന്നേരം ആറിന് ഏറ്റുമാനൂരിലാണ് സംഭവം. കോട്ടയം ഡിപ്പോയിൽനിന്നു തലയോലപ്പറമ്പ് കാഞ്ഞിരമറ്റം വഴി വൈററിലയ്ക്കു പോയ ആര്‍സിസി 477 എന്ന ബസില്‍ വൈക്കം സ്വദേശിയായ യാത്രക്കാരന് ഏറ്റുമാനൂരില്‍നിന്നാണ് കയറിയത്.
കയറിയ ഉടന്‍ ബസിന്റെ മധ്യഭാഗത്തേക്ക് മാറി. പിന്നില്‍നിന്ന് വന്ന വനിതാ കണ്ടക്ടര്‍ അല്പം കൂടി മുന്നോട്ട് നീങ്ങി നില്ക്കാന് ആവശ്യപ്പെട്ടു. ഇതു കേട്ട യാത്രക്കാരന് ഞാന്‍ ഇപ്പോള്‍ ഏറ്റുമാനൂരില്‍നിന്നു കയറിയതേയുള്ളൂ, കോട്ടയത്തുനിന്നു കയറിവര്‍ ഇപ്പോഴും ഡോറിന് സമീപം നില്ക്കുകയാണല്ലോ എന്ന് കണ്ടക്ടറോട് ചോദിച്ചു.
ഇതില്‍ ക്ഷുഭിതയായ കണ്ടക്ടര്‍ എല്ലാവരുടെയും പേരു വിളിച്ച് മാറി നില്‍ക്കണമെന്നാണോ താന്‍ ഉദ്ദേശിക്കുന്നതെന്ന് യാത്രക്കാരനോട് ചോദിച്ചു. ഇങ്ങനെയല്ല യാത്രക്കാരോട് സംസാരിക്കേണ്ടതെന്ന് യാത്രികന് പറഞ്ഞു. തനിക്ക് എവിടെയാണ് പോകേണ്ടതെന്ന് കണ്ടക്ടര്‍ ചോദിച്ചു.
തലയോലപ്പറമ്പിലാണ് ഇറങ്ങേണ്ടതെന്ന് പറഞ്ഞ് കണ്ടക്ടര്‍ കൈവശം 100 രൂപ കൊടുത്തശേഷം എന്നെ താന്‍ എന്ന് വിളിച്ചത് ശരിയായില്ല എന്ന് യാത്രക്കാരന് പറഞ്ഞു. പിന്നെ തന്നെ പപ്പയെന്ന് വിളിക്കണോയെന്നായി കണ്ടക്ടര്‍.
പിന്നീട് തര്‍ക്കമായി. പോലീസ് സ്റ്റേഷനിലേക്ക് ബസ് വിടാന്‍ യാത്രക്കാരന് ആവശ്യപ്പെട്ടു. ബസ് ബല്ലടിച്ച് അല്പം നേരം നിര്‍ത്തിയിടുകയും ചെയ്തു. ഇതിനിടെ മറ്റ് യാത്രക്കാര്‍ ഇടപെട്ടു. ഞങ്ങള്‍ക്ക് പോകേണ്ടതാണ് ബസ് വിടണമെന്നു പറഞ്ഞു യാത്രക്കാരും ബഹളം വച്ചു.
ഇയാളെ ഇവിടെ ഇറക്കി വിട്ടാലെ ബസ് വിടുകയുള്ളൂവെന്നായി കണ്ടക്ടര്‍. ഒടുവിൽ യാത്രക്കാരനെ ബസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. കണ്ടക്ടറുടെ നടപടിക്കെതിരേ വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ടേ മേധാവിക്കും യാത്രക്കാരന് പരാതി നല്കി.