തിരുവനന്തപുരം: യാത്രക്കാർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് കെഎസ്ആർടിസി വനിതാ കണ്ടക്ടർ.
യാത്രക്കാരെ രൂക്ഷഭാഷയിൽ അധിക്ഷേപിച്ച കണ്ടക്ടർ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീ അടക്കമുള്ളവരെ ബസിൽ നിന്ന് ഇറക്കിവിട്ടു.
ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തുന്ന ബസ് ചിറയൻകീഴിൽ നിർത്തിയിട്ടിരുന്ന വേളയിലാണ് സംഭവം നടന്നത്.
ചിറയൻകീഴ് മേൽപ്പാലത്തിന് സമീപം ഉച്ചയ്ക്ക് നിർത്തിയിട്ടിരുന്ന ബസിൽ സർവീസ് തുടങ്ങുന്നതിന് ഏറെ മുന്പ് യാത്രക്കാർ കയറിയിരുന്നതാണ് വനിതാ കണ്ടക്ടറെ ചൊടിപ്പിച്ചത്.
ബസ് ഇപ്പോൾ പുറപ്പെടില്ലെന്ന് അറിയിച്ച കണ്ടക്ടർ താൻ ഭക്ഷണം കഴിക്കുകയാണെന്നും ഏവരും പുറത്തിറങ്ങി നിൽക്കണമെന്നും ആക്രോശിച്ചു.
എന്നാൽ കനത്ത വെയിലായതിനാൽ യാത്രക്കാർ ബസിൽനിന്ന് പുറത്തിറങ്ങാൻ മടിച്ചു. ഇതിൽ പ്രകോപിതയായ കണ്ടക്ടർ യാത്രക്കാർക്ക് നേരെ അസഭ്യവർഷം ചൊരിയുകയായിരുന്നു.
കേട്ടാൽ അറയ്ക്കുന്ന രീതിയിൽ അതിരൂക്ഷ ഭാഷയിൽ യാത്രികർക്ക് നേരെ ശബ്ദമുയർത്തിയ കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങളും നടത്തി.
തൊഴിലുറപ്പ് പദ്ധതിയെയും ജീവനക്കാരെയും അധിക്ഷേപിക്കുന്ന വാക്കുകളും കണ്ടക്ടർ ഉപയോഗിച്ചു.
വിദ്യാർഥികൾ അടക്കമുള്ള യാത്രികർ ബസിന് പുറത്തിറങ്ങിയിട്ടും അധിക്ഷേപം തുടർന്ന ഇവർ തനിക്കെതിരെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും ഭീഷണി മുഴക്കി.
ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ കെ.എ. ഷീബയാണ് അധിക്ഷേപവാക്കുകൾ ചൊരിഞ്ഞത്. ഇവർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു.
എന്നാൽ ചിറയൻകീഴിലെ സംഭവത്തിൽ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു.